ന്യൂഡൽഹി: ക്രൈസ്തവ സഭകളുടെ എതിർപ്പുകളും പ്രതിഷേധങ്ങളും അവഗണിച്ച് വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ ) വ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കിക്കൊണ്ടുള്ള പുതിയ ഭേദഗതി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. ഭാഗികമായെങ്കിലും വിദേശ സംഭാവന ലഭിച്ച എല്ലാ സന്നദ്ധസംഘടനകളുടെയും അസോസിയേഷനുകളുടെയും പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഉള്ളടക്കവും വിദേശികളുടെ നേരിട്ടുള്ള പ്രവർത്തനങ്ങളും നിരോധിച്ചു. ഇതോടെ സഭകളുടെയും മറ്റും എൻജിഒ കൾ പൂർണ്ണമായും സർക്കാരിന്റെ കടുത്ത നിയന്ത്രണത്തിലായി.
ആദിവാസിമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കെതിരേ നടപടിയെടുക്കാനും പുതിയ ചട്ടം സർക്കാരിനെ തുണയ്ക്കും. വിദേശഫണ്ട് വാങ്ങുന്നവർക്ക് മതവിദ്യാഭ്യാസം, ഭക്തിപ്രഭാഷണങ്ങൾ, ധ്യാനം തുടങ്ങിയവ അനുവദിക്കുമ്പോൾത്തന്നെ അവ മതപരിവർത്തനത്തിനുള്ള ശ്രമമാകരുതെന്ന് പുതിയ ചട്ടഭേദഗതിയിൽ പറയുന്നു.
‘റിലിജിയസ് കൺവേർഷൻ’ (മതപരിവർത്തനം) എന്നതിനുപകരം പ്രോസ്ലിറ്റൈസേഷൻ (മതമോ വിശ്വാസമോ മാറ്റാനുള്ള ശ്രമം) എന്ന വാക്കാണ് ചട്ടത്തിൽ ബോധപൂർവം ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ ഏതൊരു മത-സാംസ്കാരിക-സാമൂഹിക പരിപാടിയെയും മതപരിവർത്തനത്തിനുള്ള ശ്രമമാക്കി ആരോപിച്ച് വിദേശഫണ്ട് തടയാനും സംഘടനകളുടെ പ്രവർത്തനംതന്നെ പൂട്ടിക്കാനുമാകുമെന്ന് വിദഗ്ധർ പറയുന്നു.
മതപരിവർത്തനശ്രമത്തെക്കുറിച്ച് പറയുന്നതിൽ അവ്യക്തതയുണ്ടെന്ന് സി.ബി.സി.ഐ.യും (കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ) ചൂണ്ടിക്കാട്ടി. പാവങ്ങളുടെ ഇടയിൽ സാമൂഹികപ്രവർത്തനം നടത്തുന്നവരെ ലക്ഷ്യമിടാൻ ചട്ടം ദുരുപയോഗംചെയ്തേക്കാമെന്ന ആശങ്കയും സി.ബി.സി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ വൃക്തമാക്കി.
പുതിയ ഭേദഗതിയനുസരിച്ച്, ഒരു സംഘടനയ്ക്കെതിരേ നടപടിയെടുക്കാൻ മതപരിവർത്തനം എന്ന പ്രവൃത്തി നടക്കണമെന്നില്ല, ശ്രമമുണ്ടെന്ന് പറഞ്ഞാൽത്തന്നെ മതിയാകും. തീരുമാനമെടുക്കുന്നവർക്ക് പരിമിതിയില്ലാത്ത അധികാരമാണ് മതപരിവർത്തനശ്രമം എന്ന വാക്കിലൂടെ ലഭിക്കുന്നത്.
സമൂഹമാധ്യമ അക്കൗണ്ടുകൾ, പ്രഖ്യാപിത ഉദ്ദേശ്യങ്ങളും നിർദിഷ്ട പ്രവർത്തനമേഖലകളും പ്രവർ ത്തനങ്ങളും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും വെളിപ്പെടുത്തണം, നിർദിഷ്ട പ്രവർത്തനങ്ങളിൽ മാത്രം തുടരണം തുടങ്ങിയ നിരവധി വ്യവസ്ഥകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ എഫ്സിആർഎ ഭേദഗതിയിൽ ഉൾപ്പെടുത്തി. ഹിന്ദിയിലും ഇംഗ്ലീഷിലുമായി 28 പേജുള്ള സർക്കാർ വിജ്ഞാപനം അസാധാരണ ഗസറ്റായി തിങ്കളാഴ്ചയാണു പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എഫ്സിആർഎ ഭേദഗതി നിയമം പ്രസിദ്ധീകരിച്ചെങ്കിലും പാർലമെന്റിലും പുറത്തും വലിയ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് തത്കാലത്തേക്കു മരവിപ്പിച്ചിരുന്നു.
കേരളത്തിൽ ക്രൈസ്തവ വോട്ടർമാരെ ആശങ്കയിലാഴ്ത്തിയ എഫ്സിആർഎ ഭേദഗതികൾ ബിജെപിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിരിന്നു. അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബിൽ 2026 പാസാക്കിയേക്കുമെന്ന ആശങ്കകളെത്തുടർന്ന് ജൂണ് 28 ഞായറാഴ്ച രാജ്യവ്യാപകമായി പ്രാർത്ഥനാദിനമായി ആചരിക്കാൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തിട്ടുണ്ട്.

