Spread the love

പൂനെ: പൂനെക്ക് സമീപമുള്ള ലോഹഗഡ് കോട്ടയിൽ വെച്ച് പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ (26) കൊക്കയിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതൊരു അപകടമാണെന്ന് വരുത്തിത്തീർക്കാൻ പ്രതിയായ സിയ ഗോയൽ (20) സോഷ്യൽ മീഡിയയിൽ ഇട്ട ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ചർച്ചയായിരിക്കുകയാണ്. “എന്റെ ജന്മദിനത്തിൽ തന്നെ അവൻ എന്നെ തനിച്ചാക്കി പോയി” എന്നായിരുന്നു കേതന്റെ മരണത്തിന് ശേഷം സിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

നവംബറിൽ വിവാഹം നടക്കാനിരിക്കെ പ്രമുഖ വ്യവസായിയായ വിശാൽ അഗർവാളിന്റെ മകൻ കേതൻ വിശാൽ അഗർവാളാണ് (26) മരിച്ചത്. കൊന്നത് പ്രതിശ്രുത വധു സിയ ഗോയലും (20). കാമുകൻ ചേതൻ ബാബുലാൽ ചൗധരിയോടൊപ്പം (22) ജീവിക്കാൻ സിയ കാമുകനൊപ്പം ചേർന്ന് കേതനെ കൊലപ്പെടുത്തുകയായിരുന്നു.

 

സിയ ഗോയലിന്റെ ഇൻസ്റ്റാഗ്രാം പേജ് കണ്ടാൽ ആരും ഒന്ന് അസൂയപ്പെടും. കേതൻ വിശാൽ അഗർവാളുമായുള്ള പ്രണയനിമിഷങ്ങളും ഡാൻസും പൂക്കളുമൊക്കെയായി അത്രയേറെ മനോഹരമായിരുന്നു ആ പോസ്റ്റുകൾ. “എന്റെ ഹൃദയത്തിന് ചേരുന്ന ഒരിടം കണ്ടെത്തി” എന്നായിരുന്നു അവരുടെ പ്രണയ വാർഷികത്തിൽ സിയ കുറിച്ചത്. എന്നാൽ ഈ പ്രണയച്ചിരികൾക്ക് പിന്നിൽ തന്റെ പ്രതിശ്രുത വരനെ കൊലപ്പെടുത്താനുള്ള ക്രൂരമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരും അറിഞ്ഞിരുന്നില്ല.

പുണെയിലെ ലോഹഗഡ് കോട്ടയിൽ ഫോട്ടോ എടുക്കുന്നതിനിടയിൽ കേതൻ അബദ്ധത്തിൽ തെന്നിവീണു എന്നായിരുന്നു സിയ പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ തന്റെ പ്രതിശ്രുത വരൻ മരണപ്പെട്ടിട്ടും സിയയുടെ പെരുമാറ്റത്തിൽ സങ്കടത്തിന്റെ ഒരു നിഴൽ പോലും ഇല്ലാതിരുന്നത് പോലീസിന് സംശയമുണ്ടാക്കി

പൊലീസിന് തോന്നിയ ഒരു സംശയമാണ് കൊലപാതകം തെളിയാൻ കാരണമായത്. ജൂണിലെ 33 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഒരു യുവാവ് ഹൂഡിയണിഞ്ഞ് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞത് പൊലീസിൽ സംശയമുദിക്കാൻ കാരണമാവുകയായിരുന്നു. ലോഹഗഡ് കോട്ടയിൽവച്ച് ചിത്രങ്ങൾ പകർത്തുന്നതിനിടെ സിയയും കാമുകനും ചേർന്ന് കേതനെ 400 അടി താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു. കോട്ടയുടെ ടിക്കറ്റ് കൗണ്ടറിലെ സിസിടിവിയിലാണ് ഹൂഡി ധരിച്ച യുവാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.