പകര്‍ച്ചവ്യാധി വ്യാപനത്തില്‍ മുരളി – റിയാസ് വാഗ്വാദം. ആരോഗ്യവകുപ്പില്‍ റീല്‍സും വീണമീട്ടലുമാണ് ഇതുവരെ നടന്നതെന്ന് മന്ത്രി കെ.മുരളീധരന്
തിരുവനന്തപുരം: പകര്‍ച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎല്‍എ പി.എ. മുഹമ്മദ് റിയാസും തമ്മില്‍ വാഗ്വാദം. ആരോഗ്യവകുപ്പില്‍ കെടുകാര്യസ്ഥതയാണെന്ന് റിയാസ് ആരോപിച്ചപ്പോള്‍ പത്തുവര്‍ഷത്തെ റീല്‍സും അഞ്ചുവര്‍ഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ട പ്രശ്നമെന്ന് മുരളി തിരിച്ചടിച്ചു.
പകര്‍ച്ചവ്യാധി വരുന്നത് ഏതെങ്കിലുമൊരു മുന്നണി ഭരിക്കുന്നത് കൊണ്ടാണെന്ന ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ കാഴ്ചപ്പാടല്ല തങ്ങള്‍ക്കെന്ന് റിയാസ് പറഞ്ഞു. ആരോഗ്യമേഖലയിലെ കേരള മോഡല്‍ ലോകമാകെ അംഗീകരിച്ച ഒന്നാണ്. എന്നാലത് കൈവിടുന്നുവെന്നാണ് ഈ 35 ദിവസത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലില്‍ നിന്ന് മനസിലാകുന്നത്. ആരോഗ്യവകുപ്പിന് മറ്റ് വകുപ്പുകളുമായി ഏകോപനമില്ല. ചികിത്സാപ്പിഴവുകളുടെയും അനാസ്ഥയുടെയും പരമ്പരയാണ്. 101 നേക്കാള്‍ വലുതാണ് 35 എന്ന് നിയമസഭയില്‍ തെളിയിക്കാന്‍ പോകുന്ന നാളുകളാണ് വരാന്‍ പോകുന്നതെന്നും റിയാസ് പറഞ്ഞു.
പറയുന്നയത്ര ഭീകരാന്തരീക്ഷം കേരളത്തിലും ആരോഗ്യവകുപ്പിലും ഇല്ലെന്നായിരുന്നു മുരളീധരന്റെ മറുപടി.ആരോഗ്യവകുപ്പ് നേരിടുന്ന ഏക പ്രശ്നം കഴിഞ്ഞ പത്ത് വര്‍ഷത്തെ റീല്‍സും അഞ്ചുവര്‍ഷത്തെ വീണമീട്ടലുമായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം എന്തെങ്കിലും കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സിസ്റ്റത്തോട് സഹകരിക്കാത്ത ഉദ്യോഗസ്ഥര്‍ കസേരയില്‍ ഇരിക്കില്ല. ചില ഉദ്യോഗസ്ഥര്‍ ഭരണം മാറിയതറിയാതെ ചിലരോട് കൂറ് കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ കസേര മാറ്റിയിരുത്തി.

