കൊച്ചി: സമൂഹമാധ്യമങ്ങളിൽ തന്നെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകളിൽ പ്രതികരിച്ച് നടിയും അവതാരകയുമായ ജുവൽ മേരി. ക്യാൻസർ മൂലം തനിക്ക് ശബ്ദം നഷ്ടപ്പെട്ട് താൻ അത്യാസന്ന നിലയിലാണെന്ന തരത്തിലുള്ള വാർത്തകകൾ ശ്രദ്ധയിൽ പെട്ടെന്നും സത്യാവസ്ഥ അറിയിക്കാനാണ് ഈ വീഡിയോ എന്നും ജുവൽ മേരി പറയുന്നു.
താൻ പൂർണ്ണ ആരോഗ്യവതിയാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന സൂചന നൽകിയും താരം രംഗത്തെത്തി.

ചില യൂട്യൂബ് ചാനലുകൾ തനിക്ക് വീണ്ടും ക്യാൻസർ ബാധിച്ചെന്നും, സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ മരണം കാത്തുകിടക്കുകയാണെന്നും കാണിച്ച് വീഡിയോകൾ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ആശങ്കയിലായ ആരാധകർ താരത്തെ വിളിച്ച് വിവരങ്ങൾ തിരക്കിയതോടെയാണ് വിശദീകരണവുമായി ജുവൽ മേരി എത്തിയത്.
“ഞാൻ മരിച്ചിട്ടില്ല മക്കളേ. ശബ്ദം നഷ്ടപ്പെട്ടെന്നും മരണം കാത്തു കിടക്കുകയാണെന്നും പറഞ്ഞ് ചിലർ എന്റെ അടിയന്തരത്തിനുള്ള കാർഡ് അടിച്ചുകൊണ്ടിരിക്കുകയാണ്. 2023-ൽ താൻ നേരിട്ട ക്യാൻസർ രോഗത്തെക്കുറിച്ച് നേരത്തെ തുറന്നു പറഞ്ഞിരുന്നു.
ആ വിവരത്തെ വളച്ചൊടിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന തംപ്‌നെയിലുകൾ നൽകി എന്നെ കൊന്നൊടുക്കാനുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ശ്രമം അപലപനീയമാണ്. എന്റെ മരണത്തിനായുള്ള ചായയും വടയും കൊടുക്കാറായിട്ടില്ല. ഞാൻ ആരോഗ്യവതിയായി ജീവിക്കുകയാണ്,” ജുവൽ മേരി വീഡിയോയിൽ വ്യക്തമാക്കി.

