Spread the love

കോട്ടയം : പാലായിലെ പ്രമുഖ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ കോട്ട മാതൃകയിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് പുന പരീക്ഷയ്ക്കുള്ള അതികഠിന പരിശീലനം നടക്കുന്നതിനിടയിലാണ് സംഭവം.

നീറ്റ് പരീക്ഷയ്ക്ക് തുടർ പരിശീലനത്തിന് എത്തിയ വിദ്യാർഥിനിയെ, ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കാദംബരിയിൽ ഐജ ആർ മഹേഷ് (19) ആണ് മരിച്ചത്.

ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. താമസിക്കുന്ന മുറിയിലെ ഫാനിൽ വിദ്യാർഥിനിയെ തൂങ്ങിയ നിലയിൽ കണ്ട സഹപാഠികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ഹോസ്റ്റൽ അധികൃതർ കെട്ടഴിച്ച് താഴെയിറക്കിയ കുട്ടിക്ക് ചലനമുണ്ടായിരുന്നു. ഉടൻ തന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെ ബുധൻ ഉച്ചയോടെയാണ് മരണം.

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷാ ഫലം റദ്ദാക്കിയ നീറ്റ് പരീക്ഷയ്ക്ക് ജൂൺ 21 വീണ്ടും നടക്കുകയാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടർപരിശീലനത്തിനായി മെയ് 26നാണ് വിദ്യാർഥിനി എത്തിയത്.

കഠിനമായ പരിശീലനത്തിൽ മാനസിക സംഘർഷത്തിലായ കുട്ടി രക്ഷിതാക്കളെ വിളിച്ച് പഠനം തുടരുന്നതിലെ ബുദ്ധിമുട്ട് അറിയിച്ചിരുന്നതായി പറയുന്നു. തുടർന്നാണ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന് അറിയുന്നു.

സംഭവം അറിഞ്ഞ് വിദ്യാർഥിനിയുടെ രക്ഷിതാക്കൾ ചേർപ്പുങ്കലിലെ ആശുപത്രിയിൽ എത്തി. കിടങ്ങൂർ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. രാജസ്ഥാനിലെ കോട്ടയാണ് മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ഉള്ള സ്ഥലം.ഇവിടത്തെ മനുഷ്യത്വരഹിതമായ പരിശീലനവും തുടർന്നുള്ള ആത്മഹത്യകളും പതിവ് വാർത്തകളാണ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)