കണ്ണൂർ: പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളജിന് സമീപം ദുരൂഹ സാഹചര്യത്തിൽ നിർത്തിയിട്ട കാറിൽ രക്തക്കറ. കാറിന് സമീപത്തായി സ്‌ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ വസ്‌ത്രങ്ങളും ബാഗുകളും ചെരുപ്പുകളുമെല്ലാം ചിന്നിച്ചിതറി കിടക്കുന്നുണ്ട്.
തലശേരി രജിസ്‌ട്രേഷനിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. കാറിന്റെ മുൻഭാഗം ഇടിച്ച് തകർന്ന നിലയിലാണ്. രാവിലെ നടക്കാനെത്തിയവരാണ് കാർ കണ്ടത്. ഉടൻതന്നെ ഇവർ പൊലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനം മനപ്പൂർവ്വം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണോ അതോ മറ്റെന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഇതിന് പിന്നിൽ നടന്നിട്ടുണ്ടോ എന്ന കാര്യവും പോലീസ് വിപുലമായി പരിശോധിക്കുന്നുണ്ട്.

