Spread the love

തിരുവനന്തപുരം: മന്ത്രി സ്ഥാനം നൽകാത്തതിൽ വിഷമമുണ്ടെന്ന് തുറന്നുപറഞ്ഞ് പാലാ നിയുക്ത എംഎൽഎ മാണി സി കാപ്പൻ. മണ്ഡലത്തിലുള്ളവർ തന്നെ വിളിച്ച് പരാതി പറയുന്നുണ്ടെന്നും രണ്ടാം ടേമിൽ മന്ത്രിസ്ഥാനം ഉറപ്പ് നൽകിയിട്ടുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു.

രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടരവർഷം തനിക്കുമെന്നാണ് വ്യവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി.

‘താൻ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും മന്ത്രിയാകാത്തതിൽ വിഷമമുണ്ട്. രണ്ടരവർഷം അനൂപ് ജേക്കബിനും രണ്ടരവർഷം എനിക്കുമെന്നാണ് വ്യവസ്ഥ. അനൂപ് എന്നെക്കാൾ സീനിയറാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ആദ്യം പരിഗണിച്ചത്. അനൂപ് നാലാം തവണയാണ് എംഎൽഎ ആകുന്നത്. ഞാൻ മൂന്നാം തവണയും. മാത്രമല്ല അനൂപ് മുൻപ് മന്ത്രിയായിട്ടുണ്ട്.

ഞാനും അനൂപും തമ്മിൽ പ്രശ്നങ്ങൾ ഇല്ല. ഞങ്ങൾ കണ്ടിരുന്നു. അനൂപും ഞാനും ഒരുമിച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്. രണ്ടുപേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചത്. മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. അത് ഇപ്പോൾ പറയാൻ കഴിയില്ല’- മാണി സി കാപ്പൻ വ്യക്തമാക്കി.