ഉത്സവലഹരിയില്‍ തലസ്ഥാനം, ടിം വി.ഡി സതീശന് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
നാലുപതിറ്റാണ്ടിന് ശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലുളള സമ്പൂര്‍ണ്ണ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും. 20 മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് ഗവര്‍ണര്‍ക്ക് കൈമാറി. 1982 െല കെ. കരുണാകരന് സര്‍ക്കാരിനുശേഷം യു.ഡി.എഫിന്റെ മുഴുവന്‍മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പുതുമയാണ് അടിമുടി. കരുണാകരന്റെ മകനും മന്ത്രിസഭയില്‍ അംഗമാണ് എന്നത് മറ്റൊരു പ്രത്യേകത. മന്ത്രിമാരില്‍ യുവനിര ശക്തം. രണ്ട് വനിതാമന്ത്രിമാര്‍, രണ്ട് പട്ടികവിഭാഗത്തില്‍നിന്നുള്ളവര്‍,അങ്ങനെ വിസ്മയങ്ങള്‍ ഏറെയുണ്ട് ഈ മന്ത്രിസഭയ്ക്കെന്ന് നിയുക്തമുഖ്യമന്ത്രി വി.ഡി. സതീശന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിമാരുടെ ലിസ്റ്റ് പ്രഖ്യാപിച്ചശേഷം ഗ്രൂപ്പ് സെല്‍ഫിയെടുത്താണ് സതീശന് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.
ഇന്നുരാവിലെ 10ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്യും. കൂറ്റന്‍ പന്തലാണ് ഒരുക്കിയിരിക്കുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുംതലസ്ഥാനം ഉത്സവലഹരിയിലാണ്. പത്തുവര്‍ഷത്തിനുശേഷം സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ്. തലസ്ഥാനത്തേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒഴുക്ക്.
മുഖ്യമന്ത്രി ഉള്‍പ്പെടെ14 പേര് പുതുമുഖങ്ങളാണ്. പട്ടികജാതി വിഭാഗത്തില്‍ നിന്നു രണ്ട് പേരുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ പതിനൊന്നു പേരാണ് കോണ്‍ഗ്രസില്‍ നിന്നുള്ളത്. ഒമ്പത് അംഗങ്ങളുള്ള ഈഴവ സമുദായത്തിന് ലഭിച്ചത് മൂന്ന് മന്ത്രി സ്ഥാനങ്ങള്‍ മാത്രം. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്രാധാകൃഷ്ണനാണ് സ്പീക്കര്‍. ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കര്‍. രണ്ടാം കേരള നിയമസഭയില്‍ എ.നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കര്‍ പദവി വഹിച്ച ശേഷം ആദ്യമായാണ് ഒരു വനിത ഈ പദവിയില്‍ വരുന്നത്.
ചാണ്ടി ഉമ്മന്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ഒഴിവായി. റോജി എം. ജോണ്‍ ഇടംപിടിച്ചു. ഒ.ജെ. ജനീഷ് അവസാന നിമിഷമാണ് ഉള്‍പ്പെട്ടത്. മുന്‍ യു.ഡി.എഫ് മന്ത്രിസഭയില്‍ മുഴുവന്‍ സമയ മന്ത്രിയായിരുന്ന അനൂപ് ജേക്കബിന് ഇക്കുറി രണ്ടര വര്‍ഷമേ ലഭിക്കൂ എന്നാണ് അറിയുന്നത്. ബാക്കി രണ്ടര വര്‍ഷം യു.ഡി.എഫ് സ്വതന്ത്രന് മാണി സി. കാപ്പന് ലഭിക്കും. കെ.എ. തുളസിക്ക് ആദ്യ രണ്ടര വര്‍ഷവും തുടര്‍ന്ന് ഐ.സി. ബാലകൃഷ്ണനുമാവും ലഭിക്കുക. ഭൂരിപക്ഷമന്ത്രിമാരും കെ.സി പക്ഷക്കാരാണെങ്കിലും ചെന്നിത്തല ആവശ്യപ്രകാരമാണ് തുളസിയെയും ബാലകൃഷ്ണനെയും പരിഗണിച്ചത്. ഔദ്യോഗികമായി ഈ ധാരണ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലീം ലീഗില്‍ പാറയ്ക്കല്‍ അബ്ദുള്ളയെ ഒഴിവാക്കിയാണ് പി.കെ. ബഷീറിനെ ഉള്‍പ്പെടുത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി എം.പി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡി, ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വന്ദര്‍ സിംഗ് സുക്കു, പ്രതിപക്ഷ നേതാവ് പിണറായിവിജയന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിവര്‍ പങ്കെടുക്കും.
മന്ത്രിമാരും സാധ്യതാ വകുപ്പും
വി.ഡി. സതീശന് (മുഖ്യമന്ത്രി) – ധനം, തുറമുഖം, നിയമം, പൊതുഭരണം
രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ്
പി.കെ കുഞ്ഞാലിക്കുട്ടി – വ്യവസായം, ഐ.ടി, ഹജ്ജ്, വഖഫ്
സി.പി. ജോണ്‍ – ഗതാഗതം
മോന്‍സ് ജോസഫ് – ജലവിഭവം
കെ. മുരളീധരന് – വൈദ്യുതി
സണ്ണി ജോസഫ് – റവന്യു
ഷിബു ബേബി ജോണ്‍ – തൊഴില്‍
അനൂപ് ജേക്കബ് – ഭക്ഷ്യം
എ.പി. അനില്‍കുമാര്‍ – ആരോഗ്യം
പി.സി. വിഷ്ണുനാഥ് – ടൂറിസം, സാംസ്കാരികം
എം. ലിജു – എക്സൈസ്
പി.കെ. ബഷീര്‍ – പൊതുമരാമത്ത്
എന്‍. ഷംസുദ്ദീന് – വിദ്യാഭ്യാസം
കെ.എം. ഷാജി – തദ്ദേശ സ്വയംഭരണം
ടി. സിദ്ദിഖ് – വനം
ബിന്ദു കൃഷ്ണ – വനിത, ശിശുക്ഷേമ വകുപ്പ്
ഒ.ജെ. ജനീഷ് – യുവജനക്ഷേമം
റോജി എം. ജോണ്‍ –
കെ.എ. തുളസി – എസ്.സി, എസ്.ടി വകുപ്പ്
വി.ഇ. അബ്ദുല്‍ ഗഫൂര്‍ – ഫിഷറീസ്

