Spread the love

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മുങ്ങി മരണം: കണ്ണീര്‍പുഴയായി നാട്.

കോട്ടയം: നാടിനെ കണ്ണീരാലാഴ്ത്തി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മുങ്ങി മരണം. കോട്ടയം സ്വദേശികളായ രണ്ടു പേര്‍ ഉള്‍പ്പടെ മൂന്നു കുട്ടികളാണ് കോതമംഗലത്തിന് സമീപം വാടാട്ടുപാറയില്‍ മരിച്ചത്. ബിഡിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു മുങ്ങിമരിച്ചത്. കോതമംഗലം മാര്‍ ബസേലിയോസ് ഡെന്റല്‍ കോളജിലെ കോട്ടയം വാഴൂര്‍ ചാമംപതാല്‍ കുളത്തുങ്കല്‍ ഭാഗത്തെ പുതുപ്പറമ്പില്‍ വീട്ടില്‍ വെങ്കിടേഷ് – ശാലിനി ദമ്പതികളുടെ മൂത്ത മകന്‍ അതുല്‍രാജ് (22), ചങ്ങനാശേരി വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് അല്‍ഫോന്‍സാ നഗര്‍ പ്ലാമൂട്ടില്‍ ബിജുവിന്റെയും ഡാലിയയുടെയും മകന്‍ ബിയോണ്‍ ബിജു (21), തിരുവനന്തപുരം പൂവാര്‍ പൊറ്റയില്‍ വിഷ്ണു ഭവനില്‍ വിജയകുമാറിന്റെയും ബിന്ദുവിന്റെയും മകന്‍ വി.ബി.ഹരീഷ് (നന്ദു-22) എന്നിവരാണു മരിച്ചത്.

സഹപാഠികളായ ഒന്‍പതംഗ സംഘം ഇന്നലെ ഉച്ചയ്ക്കാണു പുഴയില്‍ കുളിക്കാനിറങ്ങിയത്. ബിയോണ്‍ ആദ്യം ഒഴുക്കില്‍പെട്ടു. കയ്യില്‍ പിടിച്ചു രക്ഷിക്കാനുളള ശ്രമത്തിനിടെ അതുല്‍രാജും ഹരീഷും അപകടത്തില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്കും ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. യുവാക്കളുടെ കരച്ചില്‍കേട്ടു സമീപവാസികള്‍ എത്തിയപ്പോഴേക്കും 3 പേരും മുങ്ങിത്താണിരുന്നു. കോതമംഗലത്തു നിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇടമലയാര്‍ പവര്‍ഹൗസില്‍നിന്നു വൈദ്യുതോല്‍പാദനം കഴിഞ്ഞുള്ള വെള്ളം ഒഴുകുന്ന പുഴയാണിത്. പവര്‍ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തി ജലനിരപ്പു കുറച്ചശേഷമാണു സേന തെരച്ചില്‍ നടത്തിയത്. മൂന്നുപേരും അടുത്ത സുഹൃത്തുക്കളുമായിരുന്നു