Spread the love

മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചത് തണ്ണിമത്തൻ കഴിച്ചതുമൂലമുള്ള ഭക്ഷ്യവിഷബാധ കാരണമല്ലെന്നും വിഷം ഉള്ളിൽ ചെന്നാണെന്നും ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. നാലു പേരടങ്ങുന്ന കുടുംബത്തെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്.

അതേസമയം ഫോറൻസിക് പരിശോധനയിൽ നാലുപേരും മരിച്ചത് മാരകമായ ഒരു എലിവിഷം അകത്ത് ചെന്നത് മൂലമാണെന്ന് കണ്ടെത്തി. മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴങ്ങളുടെ സാമ്പിളുകളിലും എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷവസ്തുവിന്റെ അംശവും അധികൃതർ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ പച്ച നിറം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഭക്ഷ്യവിഷബാധ മൂലമാകാമെന്ന നിഗമനങ്ങളും വന്നു. ഇതിനു ശേഷം ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് കേസിൽ വലിയ വഴിത്തിരിവ് ഉണ്ടായത്.

അബ്ദുള്ള ഡൊക്കാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവർ തങ്ങളുടെ ബന്ധുക്കൾക്കായി മുംബൈയിലെ വീട്ടിൽ അത്താഴവിരുന്ന് ഒരുക്കി മട്ടൺ പുലാവ് വിളമ്പിയിരുന്നു. ബന്ധുക്കൾ പോയതിനുശേഷം പുലർച്ചെ ഒരു മണിയോടെയാണ് കുടുംബം തണ്ണിമത്തൻ കഴിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ എല്ലാവർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയുമായിരുന്നു.

കുടുംബം കഴിച്ച തണ്ണിമത്തന്റെ സാംപിളുകളിലും ഈ രാസവസ്തു കണ്ടെത്തിയിട്ടുണ്ട്. ഈ വിഷാംശം അബദ്ധത്തിൽ പഴത്തിൽ കലർന്നതാണോ അതോ ആരെങ്കിലും മനഃപൂർവം കുത്തിവെച്ചതാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.