തിരുവനന്തപുരം: കേരളത്തിൽ പാല്‍വില വർധിക്കും. ലിറ്ററിന് നാലുരൂപയാണ് വർധിക്കുക. പാല് വില കൂട്ടണമെന്ന മില്‍മ ഫെഡറേഷന്റെ തീരുമാനം സർക്കാർ അംഗീകരിച്ചു.തിരുവനന്തപുരത്ത് ഇന്നു ചേർന്ന ഫെഡറേഷൻ യോഗവും തീരുമാനിച്ചു.മിൽമയുടെ ചുവടുപിടിച്ചാണ് ഇതര പാൽ ഉൽപാദക വിതരണ സംഘങ്ങളും വില വർദ്ധിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പാൽ വില കൂടും.
പാല് ലിറ്ററിന് ആറുരൂപ കൂട്ടണമെന്നാണ് മില്‍മ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നാലുരൂപ മതിയെന്ന് സർക്കാർ നിർദേശിക്കുകയായിരുന്നു. ഈ നിർദേശം മില്‍മ അംഗീകരിച്ചു.
56 രൂപയുള്ള ഒരുലിറ്റർ പാലിന് 60 രൂപയാകും. 2022 ഡിസംബറിലാണ് അവസാനമായി വിലകൂട്ടിയത്. വിലകൂട്ടണമെന്ന് കഴിഞ്ഞവർഷംതന്നെ മില്‍മ മേഖലാ യൂണിയനുകള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. പാലിന്റെ ഗുണനിലവാരം അനുസരിച്ച് നിലവില്‍ 45 മുതല്‍ 52 രൂപവരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാൽ ഉടൻ എന്നുമുതൽ പ്രാബല്യത്തിൽ ആകുമെന്ന് തീരുമാനിക്കും.കർഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ പരിഗണിച്ചാണ് ശുപാർശ എന്ന് മിൽമ അറിയിച്ചു

