കൊച്ചി : 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ആറു ദിവസം മാത്രം ശേഷിക്കേ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ എസ് മാധവൻ എൽഡിഎഫിന് മൂന്നാം ഊഴം പ്രവചിക്കുന്നു. 2021 ൽ ഇടതുമുന്നണിക്ക് രണ്ടാം വട്ടവും ഭരണം ലഭിക്കുമെന്ന് മാധവൻ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ മാധവന്റെ പ്രവചനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കി.
75 സീറ്റുകൾ നേടി എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണ് എൻ.എസ്. മാധവൻ ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ വിശദമാക്കുന്നത്. യു,ഡി.എഫിന് 65 സീറ്റുകളാണ് അദ്ദേഹം പ്രവചിക്കുന്നത്. 3 സീറ്റുകൾ വരെ വ്യത്യാസം വന്നേക്കാമെന്നും അദ്ദേഹം പറയുന്നു. എന്നാൽ ബിജെപിയുടെ കാര്യത്തിൽ അദ്ദേഹം ഒന്നും പ്രവചിക്കുന്നില്ല.
2021ൽ 80 സീറ്റുകളുമായി എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്ന് എൻ.എസ്. മാധവൻ പ്രവചിച്ചിരുന്നു
വിലയിരുത്തൽ പ്രകാരം മലപ്പുറവും എറണാകുളവും യു.ഡി.എഫ് കോട്ടകളാകും. എന്നാൽ കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ വൻമുന്നേറ്റം നടത്തി എൽ.ഡി.എഫ് അധികാരം നിലനിറുത്തും. വയനാട് ജില്ലയിലെ മൂന്നു സീറ്റും യു.ഡി.എഫ് തൂത്തുവാരും. കോട്ടയം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഇഞ്ചോടിഞ്ച് മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ നടക്കുമെന്നും എൻ.എസ് മാധവൻ അവകാശപ്പെടുന്നു. .

