Spread the love

കണ്ണൂർ: ലഹരിക്ക് അടിമയായ മകൻ അമ്മയെ കൊലപ്പെടുത്തിയത് വാക്കുതർക്കത്തിനൊടുവിലെന്ന് പൊലീസ്. കണ്ണൂർ കേളകം കണിച്ചാറിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു കൊലപാതകം.

കിടപ്പുമുറിയിൽ വെച്ചാണ് ക്രിസ്റ്റി ഗീതമ്മയെ ആക്രമിച്ചത്. കൊലയ്ക്കുശേഷം വീട്ടിൽ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ബെംഗളൂരുവിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ക്രിസ്റ്റി നാട്ടിലെത്തിയത്. ക്രിസ്റ്റി ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗീതമ്മ കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ്‌ലറിങ് ഷോപ്പും നടത്തിയിരുന്നു. ക്രിസ്റ്റിയെക്കൂടാതെ ഗീതമ്മയ്ക്ക് ഒരു മകൾകൂടിയുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.