Spread the love

കഴക്കൂട്ടം ∙ നവവധുവിനെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫിനെയാണ്(28) അറസ്റ്റ് ചെയ്തത്. ചെങ്കോട്ടുകോണം ഷംനാദ് മൻസിലിൽ അറഫാ നജുമുദീനാണ്(22) ക്രൂരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായത്.

ജനുവരി 25നായിരുന്നു ഇവരുടെ വിവാഹം. അറഫയെ 2 ആഴ്ച തികയുംമുൻപ് ഭർത്താവ് മർദിച്ചെന്നാണു ബന്ധുക്കളുടെ പരാതി. കഴിഞ്ഞ 17ന് അറഫ മൊബൈൽ ഫോണിൽ മാതാവിന്റെ സഹോദരിയെ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ആസിഫ് അറഫയുടെ മുഖത്ത് അടിക്കുകയും മുതുകിൽ ചവിട്ടുകയും വലതു കാൽമുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. കൂടാതെ കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിച്ചെന്നും പരാതിയുണ്ട്. അറഫയുടെ വാരിയെല്ലിനും നെഞ്ചിനും വലതു കാൽമുട്ടിനും ഗുരുതര പരുക്കുണ്ട്.