Spread the love

കൊച്ചി: കൊച്ചി നഗരത്തെ നടുക്കി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ അശ്വതി നായർ, ശ്രീകുമാരി എന്നിവരെയും ഇവരുടെ കൂടെയുണ്ടായിരുന്ന 2, 4, 14 വയസ്സു പ്രായമുള്ള മൂന്ന് കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘

തിരുവനന്തപുരം സ്വദേശികളായ ഇവര്‍ വടുതലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.

തന്റെ ഭർത്താവിന്റെ ആത്മഹത്യയെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമങ്ങളും മറ്റ് കുടുംബപ്രശ്നങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ പറയുന്നു. അശ്വതിയുടെ ചികിത്സാർത്ഥം കഴിഞ്ഞ രണ്ട് മാസമായി ഇവർ വടുതലയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)