Spread the love

കോട്ടയം: ഉന്നത അക്കാദമിക് രംഗത്തെ ഗവേഷണ മികവിന് രണ്ട് അന്താരാഷ്ട്ര ഫെല്ലോഷിപ്പുകൾ നേടിയിരിക്കുകയാണ് കോട്ടയം സ്വദേശിയായ മലയാളി വിദൃാർത്ഥി അഭിരാമി അജിത്.

ഐഐടികാൻപൂരിൽമാനവിക ശാസ്ത്രങ്ങളും സാമൂഹിക ശാസ്ത്രങ്ങളും വകുപ്പിലെ പി.എച്ച്.ഡി. ഗവേഷകയായ അഭിരാമി അജിത്, അമേരിക്കയിലെ വെർജീനിയ സർവകലാശാലയിലെ റെയർ ബുക്ക് സ്കൂൾ (RBS) നൽകുന്ന പ്രശസ്തമായ വില്യം ടി. ബ്യൂസ് III സ്കോളർഷിപ്പിന് അർഹയായി. അത്യന്തം മത്സരാധിഷ്ഠിതമായ ഈ അന്താരാഷ്ട്ര പുരസ്കാരം ഓരോ വർഷവും വളരെ കുറച്ച് ഗവേഷകർക്ക് മാത്രമാണ് ലഭിക്കുന്നത്.

 

USD 1,495 മൂല്യമുള്ള ഈ സ്കോളർഷിപ്പ്, 2027 ഡിസംബർ വരെ (അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ) അംഗീകൃത RBS കോഴ്‌സുകളിൽ ഏതെങ്കിലും ഒന്നിന്റെ പൂർണ്ണ ട്യൂഷൻ ഫീസ് ഉൾക്കൊള്ളുന്നു. പുസ്തകചരിത്രവും ഡിജിറ്റൽ ഹ്യൂമാനിറ്റീസും മേഖലകളിലെ ഉയർന്ന തല പരിശീലനത്തിന് ഈ പുരസ്കാരം സഹായകമാകും. പ്രത്യേകിച്ച് പെൻസിൽവാനിയ സർവകലാശാലയിൽ നടത്തപ്പെടുന്ന “Digital Codicology and Book History” എന്ന കോഴ്‌സിൽ പങ്കെടുക്കുന്നതിനുള്ള പിന്തുണയായിരിക്കും ഇത്. സമകാലിക പരീക്ഷണാത്മക സാഹിത്യം, പാഠ്യത്വം, പുസ്തകത്തിന്റെ ഭൗതികത എന്നിവയെ ആസ്പദമാക്കിയുള്ള ഡോക്ടറൽ ഗവേഷണവുമായി ഈ കോഴ്‌സ് അടുത്ത ബന്ധം പുലർത്തുന്നു.

അഭിരാമിയുടെ ഡോക്ടറൽ ഗവേഷണം പ്രൊഫ. ടി. രവിച്ചന്ദ്രന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.

 

അഭിരാമി അജിത് ഇപ്പോൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) കാന്പൂരിൽ പി.എച്ച്.ഡി. ഗവേഷകയായാണ് പ്രവർത്തിക്കുന്നത്. സ്വിസ് ഗവൺമെന്റ് എക്സലൻസ് സ്കോളർഷിപ്പിന്റെ അടിസ്ഥാനത്തിൽ നിലവിൽ സ്വിറ്റ്സർലാൻഡിലെ ബാസലിൽ ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. കോട്ടയം ബിസിഎം കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ. ബിരുദവും, ജേർണലിസം ഡിപ്ലോമയും നേടിയ അഭിരാമി ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ എം.എ. ബിരുദവും കരസ്ഥമാക്കി.

 

സ്വിറ്റ്സർലൻഡ് ഗവൺമെന്റിന്റെ ഫെഡറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ്, എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഇഎഇആർ) പ്രകാരം സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ എഡ്യൂക്കേഷൻ, റിസർച്ച് ആൻഡ് ഇന്നൊവേഷൻ (എസ്ഇആർഐ) നൽകുന്ന സ്കോളർഷിപ്പാണ് അഭിരാമിക്ക് കഴിഞ്ഞ വർഷം ലഭിച്ചത്.

ബാസൽ സർവകലാശാലയിൽ കണ്ടംപററി എക്സ്പിരിമെന്റൽ ഫിക്ഷൻ, ഡിജിറ്റൽ ഹ്യുമാനിറ്റീസ് എന്നിവയിലെ ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനാണ് ഒരു വർഷത്തേക്ക് പ്രതിമാസം സ്വിസ് കറൻസിയായ (CHF ) 1,92,000 ലഭിച്ചത്. യൂറോപ്യൻ സൊസൈറ്റി ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറുമായി സഹകരിച്ച്, യുഎസിലെ ഹവായ് സർവകലാശാല ആതിഥേയത്വം വഹിച്ച 2025 ലെ ന്യൂ ഡയറക്ഷൻസ് ഇൻ ദി ഹ്യുമാനിറ്റീസ് കോൺഫറൻസിൽ എമർജിംഗ് സ്കോളർ അവാർഡ് മുമ്പ് ലഭിച്ച അഭിരാമിയുടെ മറ്റൊരു ശ്രദ്ധേയമായ നേട്ടമാണിത്.

 

കോട്ടയം പൂവൻതുരുത്ത് അജിഭവനിൽ

എൽഐസിയിലെ ചീഫ് ലൈഫ് ഇൻഷുറൻസ് അഡ്വൈസർ അജിത് കുമാർ എജെയുടെയും ബിനു അജിത്തിന്റെയും മകളാണ് അഭിരാമി.

സഹോദരൻ അഭിജിത്ത്. ഗവേഷണ മികവിന് തുടർച്ചയായി രണ്ട് അന്താരാഷ്ട്ര ഫെലാഷിപ്പുകൾ നേടുന്ന അപൂർവ നേട്ടത്തിനാണ് അഭിരാമി അർഹയായത്.