Spread the love

കോട്ടയം : മധ്യകേരളത്തില്‍ ഒരു സീറ്റ് ലക്ഷ്യത്തോടെ അരയും തലയും മുറുക്കി ബിജെപി രംഗത്ത്. ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത് പാലാ.പാലായില്‍ ബിജെപി യുടെ അണിയറ പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്നു മാസം. സംഘപരിവാറിലെ ഉന്നത നേതാക്കള്‍ നേരിട്ടെത്തിയാണ് ഏകോപനം. ഹൈന്ദവ വോട്ടുകള്‍ പൂര്‍ണമായി തന്നെ താമരയില്‍ എത്തുക എന്നതാണ് ലക്ഷ്യം. ന്യൂനപക്ഷ വിരുദ്ധമെന്ന ബിജെപിയുടെ പ്രതിച്ഛായ തന്നെ ഇല്ലാതാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

 

പി.സി ജോര്‍ജിന്റെ പൂഞ്ഞാറിലെ സ്വാധീനവും പാലായിലെ ബിജെപി അടിത്തറയുമാണ് ഷോണ്‍ ജോര്‍ജിനെ പരിഗണിക്കാന്‍ പ്രധാന കാരണം. കൂടാതെ ഷോണ്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമാണ്. 2021 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് 10869 ആയിരുന്നു. സമീപകാലത്ത് ബിജെപിക്ക് ലഭിച്ച കുറഞ്ഞവോട്ടാണ് ഇത്. പക്ഷേ ലോക്‌സഭയില്‍ പാലാ മണ്ഡലത്തില്‍ വോട്ടിംഗ് 20000 കടന്നു. എങ്കിലും 2016ലെ 24000 എന്ന റെക്കോര്‍ഡിലെത്തിനായില്ല. വോട്ട് രണ്ടിരട്ടിയലധികമാക്കിയാല്‍ മാത്രമേ ബിജെപിക്ക് ഇവിടെ വിജയച്ചുകയറാനാവൂ. അതിലേക്കായി ജോസ് കെ മാണി – കാപ്പന്‍ വിരുദ്ധ വോട്ടുകള്‍ ബിജെപിയില്‍ കേന്ദ്രീകരിക്കുന്ന സാഹചര്യം സൃഷ്ടിക്കാനാണ് നീക്കം.

 

കെ.എം മാണി വിരുദ്ധ വോട്ടുകളാണ് 2019 ല്‍ കെ.എം മാണിയുടെ വിയോഗശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് വിജയം നേടികൊടുത്തത്. അന്ന് ഇടതു സ്ഥാനാര്‍ഥിയായിരുന്നു കാപ്പന്‍. എന്നിട്ടും വിജയിച്ചു. 2021 ല്‍ ജോസ് കെ മാണി ഇടതു സ്ഥാനാര്‍ഥിയായി. കാപ്പന്‍ യുഡിഎഫിലും. കാപ്പന്‍ പ്രവചിച്ച ഭൂരിപക്ഷം ലഭിച്ചു.

 

പാലായില്‍ മാണി സി കാപ്പന്‍ വീണ്ടും സ്ഥാനാര്‍ഥിയാകുമ്പോള്‍ മത്സരം ബിജെപിയും യുഡിഎഫും തമ്മില്‍ എന്ന പ്രതീതി ജനിപ്പിക്കാനാണ് ശ്രമം. പക്ഷേ കണക്കുകള്‍ യുഡിഎഫിന് അനുകൂലമാണ്. പാലാ നഗരസഭയില്‍ ഭരണം. കൂടാതെ രാമപുരം, കടനാട്, മീന ച്ചില്‍, കൊഴുവനാല്‍, എലിക്കുളം, തലപ്പലം, മേലുകാവ് പഞ്ചായത്തുകളില്‍ ഭരണം ഉണ്ട്.മുത്തോലി, ഭരണങ്ങാനം, മൂന്നിലവ്, തലനാട്, കരൂര്‍ പഞ്ചായത്തുകളാണ് ഇടതുമുന്നണിക്കുളളത്.

 

കാപ്പനും ഷോണ്‍ ജോര്‍ജും ഇലക്ഷനായി അനുദിനം തയാറെടുപ്പു നടത്തുമ്പോള്‍ കേരള കോണ്‍ഗ്രസില്‍ ഇതാദ്യമായി സ്ഥാനാര്‍ഥിയെ ചൊല്ലി വാഗ്വാദമാണ്. ജോസ് കെ മാണി മത്സരിക്കുമെന്ന് മന്ത്രി റോഷി പ്രസ്താവിക്കുമ്പോള്‍ പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് പറയുന്നു.ജോസ് കെ മാണിയുടെ സാധ്യതകള്‍ക്കു തന്നെ മങ്ങലേല്‍ക്കുന്നതാണ് ഈ വിവാദമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. ജോസ് കെ മാണിക്ക് ഇടതു മുന്നണിയിലും വോട്ടു ചോര്‍ച്ച ഉണ്ടാകുമെന്നു തന്നെയാണ് നിക്ഷ്പക്ഷ അഭിപ്രായം. ഇടത് മുന്നണി വിടാനൊരുങ്ങി എന്ന പ്രചരണത്തിൽ സിപിഎമ്മിന് മുമ്പിൽ സംശയ നിഴലിലായത് തിരിച്ചടിക്ക് കാരണമാകാം.

 

എന്നാൽ മാണിസി കാപ്പന് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലെ സ്വാധീനമില്ല എന്നാണ് വിലയിരുത്തൽ. അത് ജോസിന് അനുകൂലമാക്കാൻ കഴിഞ്ഞാൽ തെരഞ്ഞെടുപ്പിന്റെ ഗതിമാറും.

ജോസ്, പുളിക്കകണ്ടം ഫാക്ടർ

പാലായിൽ ശക്തമായ ത്രികോണ മത്സരം വരുമ്പോൾ പുളിക്ക കണ്ടം ഫാക്ടറും നിർണായകമാകും. പാലാ നഗരസഭ പുളിക്ക കണ്ടം കുടുംബത്തിൻറെ സഹായത്തോടെയാണ് യുഡിഎഫ് പിടിച്ചത്. പുളിക്കക്കണ്ടം ഫാക്ടർ യുഡിഎഫിനൊപ്പമാണെങ്കിലും ബിജെപി അതിൽ സുരേഷ് ഗോപി വഴി വിള്ളലുണ്ടാക്കാനുള്ള സാധൃത തള്ളിക്കളയാനാവില്ല.അത്തരമൊരു സാഹചരൃം കാപ്പനും തിരിച്ചടിയാകും.