തിരുവനന്തപുരം: കല്യാണങ്ങളിലെ അടിപിടി ഇന്ന് നിത്യസംഭവമാണ്. ഇപ്പോഴിതാ തിരുവനതപുരത്ത് സദ്യക്ക് പപ്പടം കിട്ടാത്തതിനെ ചൊല്ലി വരന്‍റേയും വധുവിന്‍റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലടിച്ചു. ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കുഴിയില്‍ വിവാഹ സല്‍ക്കാര ഹാളില്‍ ആണ് സംഭവം. വരന്‍റെയും വധുവിന്‍റെയും വീട്ടുകാര്‍ തമ്മില്‍ ഊട്ടുപുരയില്‍ പപ്പടത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നേരിയ തര്‍ക്കം ഉണ്ടായത് പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തു, ഒടുവില്‍ ഇരുകൂട്ടരും തമ്മിലുള്ള പൊരിഞ്ഞ സംഘര്‍ഷത്തില്‍ കലാശിച്ചു.
വിവരമറിഞ്ഞ് പൊലീസ് കല്യാണ മണ്ഡപത്തിലെത്തി. അതേസമയം സംഭവത്തില്‍ ഇരു കൂട്ടരും പരാതി നല്‍കാന്‍ തയ്യാറായില്ല. ഇതോടെ പൊലീസ് സംഘം മടങ്ങി. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറല്‍ ആയിരിക്കുകയാണ്.

