ബിഗ് ടിവി എന്ന പുതുചാനൽ മലയാളിയുടെ സ്വീകരണ മുറിയിലേക്കെത്തുമ്പോൾ. പ്രമുഖ ചാനലുകളിൽ നിന്ന് പല സൂപ്പർ വാർത്ത അവതാരകരും ഇതിനോടകം ബിഗ് ടിവിയുടെ ഭാഗമായി കഴിഞ്ഞു.
റിപ്പോർട്ടർ ചാനലിൻ്റെ ആവേശവും തീപ്പൊരി വാർത്ത അവതാരകയുമായ സുജയ പാർവതിയാണ് ചുവടുമാറ്റം നടത്തിയവരിൽ പ്രധാനി. ബിഗ് ടിവിയുടെ ചീഫ് എഡിറ്റർ തസ്തികയിലേക്കാണ് സുജയ എത്തുന്നത്. മലയാളം ചാനൽ രംഗത്തെ ആദ്യ വനിതാ ചീഫ് എഡിറ്റർ ആയി സുജയ മാറുകയാണ്. സുജയയുടെ പോക്ക് റിപ്പോർട്ടർ ചാനലിനെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
സുജയയ്ക്ക് പിന്നാലെ റിപ്പോർട്ടിലെ പ്രധാനി ജിമ്മി ജെയിംസ് മീഡിയ വണ്ണിലേക്ക് ചേക്കേറുന്നു. മീഡിയ വണ്ണിലെ വേണു ബാലകൃഷ്ണൻ ബിഗ് ടിവിയിലേക്ക് ചേക്കേറിയിരുന്നു. ഈ ഒഴിവിലേക്കാണ് ജിമ്മി വരുന്നത്.
സീനിയർ മാധ്യമപ്രവർത്തകനായ ഉണ്ണി ബാലകൃഷണൻ റിപ്പോർട്ടർ വിട്ട് ഏഷ്യാനെറ്റിലേക്ക് പോയിരുന്നു. ഉണ്ണിയുടെ പോക്ക് പരിഹരിക്കാന്‍ ഏഷ്യാനെറ്റില്‍നിന്ന് ജിമ്മി ജെയിംസിനെ റിപ്പോര്‍ട്ടറിലേക്ക് കൊണ്ടുവന്നുവെങ്കിലും ജിമ്മിയും വന്ന് അധികകാലം കഴിയുന്നതിനു മുന്നേ റിപ്പോര്‍ട്ടര്‍ വിടുകയാണ്. ജിമ്മിയും സുജയയും ചാനൽ വിടുന്നത് ചാനലിനെ പ്രതിസന്ധിയിലാക്കുകയാണ്.
ഇതോടൊപ്പം റിപ്പോർട്ടർ ചാനലിൽ നിന്നുള്ള ധാരാളം ടെക്‌നീഷ്യൻമാർ അനിൽ അയിരൂർ നേതൃത്വം നൽകുന്ന ബിഗ് ടിവിയിലേക്ക് പോയി.
ജിമ്മി ജെയിംസിൻ്റേയും സുജയ പാർവതിയുടേയും കൊഴിഞ്ഞുപോക്കിൻ്റെ ക്ഷീണം മാറ്റാൻ മാതൃഭൂമി ന്യൂസിലെ മാതു സജിയെ റിപ്പോർട്ട് ചാനൽ കൂടെക്കൂട്ടിയിട്ടുണ്ട്.
മാതുവിൻ്റെ പോക്ക് മാതൃഭൂമി ന്യൂസിനെയും ബാധിക്കും. മാതു സജിയും അഭിലാഷുമാണ് മാതൃഭൂമി ന്യൂസിൻ്റെ ജനപ്രിയ മുഖങ്ങൾ. ഇതിലൊരു മുഖമാണ് ചാനലിന് നഷ്ടമാകുന്നത്.
ബിഗ് ടിവിയുടെ വരവോടെ ഏറ്റവും പ്രതിസന്ധി നേരിടുന്ന മറ്റൊരു ചാനലാണ് ട്വൻറി ഫോർ ന്യൂസ്. മുൻനിര മാധ്യമ പ്രവർത്തകനും ചാനലിൻ്റെ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്ററുമായ എസ് വിജയകുമാർ ആണ് ഇവിടെ നിന്ന് ബിഗ് ടിവിയിലേക്ക് പോകുന്നത്. വിജയകുമാർ ചാനൽ വിടുന്നതിനെക്കുറിച്ച് മാനേജ്മെൻ്റിന് ഒരു സൂചനയും ലഭിച്ചിരുന്നില്ല.
പുതിയ ചാനലുകള്‍ വരുമ്പോള്‍ തങ്ങളുടെ ചാനലുകളില്‍നിന്ന് നഷ്ടപ്പെടുന്ന പ്രതിഭകള്‍ക്ക് പകരം മറ്റൊരാളെ കണ്ടെത്തുക എന്നത് ചാനല്‍ മാനേജ്‌മെന്റിനെ സംബന്ധിച്ച് വലിയൊരു തലവേദനയാണ്.
ന്യൂസ് 18ൽ നിന്ന് ശ്രീജ ശ്യാം ന്യൂസ് മലയാളത്തിലേക്ക് ചുവടുമാറ്റം നടത്തിയിട്ടുണ്ട്. നേരത്തെ ഇവിടെനിന്ന് അപർണ കുറുപ്പ് ബിഗ് ടിവിയിലേക്ക് പോയിരുന്നു.
ന്യൂസ് മലയാളത്തിൽനിന്ന് ലക്ഷ്മി പത്മയും ഏഷ്യാനെറ്റ് ന്യൂസിൽനിന്ന് ജോഷി കുര്യനും അടുത്തിടെ ബിഗ് ടിവിയിലേക്ക് ചുവടുമാറ്റിയിരുന്നു.
പുതുതായി വരുന്ന മാധ്യമ സ്ഥാപനം കൂടുതൽ പണവും പദവിയും നൽകും എന്നല്ലാതെ ഇവരിൽ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള നിലപാടിൻ്റെയോ രാഷ്ട്രീയ അഭിപ്രായത്തിൻ്റെയോ ആശയപരമായ തീരുമാനത്തിൻ്റെയോ പേരിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നവരല്ല. അവരിലാരെങ്കിലും അങ്ങനെ അവകാശപ്പെടുന്നതായും കേട്ടിട്ടില്ല.
ഇങ്ങനെയാണെങ്കിലും പ്രമുഖ ചാനലുകളിൽ ജോലി ചെയ്യുന്ന കഴിവുള്ള പല മാധ്യമപ്രവർത്തകരും ഇന്നും അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മാത്രം തുടരുന്നവരുമുണ്ട്.

