Spread the love

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നതായി എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ട്.
അതേസമയം, അറസ്റ്റിലായ കണ്ഠര് രാജീവരെ കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ഡോ.സിഎസ് മോഹിതിന് മുമ്പാകെ ഹാജരാക്കി. തന്ത്രിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരത്തേതന്നെ ബന്ധമുണ്ടായിരുന്നതായും ആ ബന്ധം ഉപയോഗിച്ചാണ് സ്വർണപാളികൾ കൊണ്ടുപോകാൻ തന്ത്രി അനുമതി നൽകിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇന്ന് ഉച്ചയോടെ അറസ്റ്റിലായ തന്ത്രിയെ രാത്രി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്‌ചെയ്തു.

പോറ്റിയെ തന്ത്രിയാണ് പരിചയപ്പെടുത്തിയതെന്നാണ് പത്മകുമാറിന്‍റെ മൊഴി. ദേവന്‍റെ അനുജ്ഞ വാങ്ങാതെയാണ് കട്ടിളപ്പാളികള്‍ കൈമാറിയതെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പോറ്റിക്ക് പാളികൾ കൈമാറിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നും പാളികൾ കൊണ്ടു പോകുവാൻ കുറ്റകരമായ മൗനാനുവാദം നൽകിയെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.