Spread the love

 

പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. രണ്ടു രാത്രി മുഴുവന്‍ നടയടയ്ക്കാതെ ഗുരുവായൂരപ്പനെ തൊഴാം. ആഘോഷത്തില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ എത്തി. ഞായറാഴ്ച്ച രാത്രി മുഴുവന്‍ ക്ഷേത്രനട തുറന്നിരുന്നു. തിങ്കളും രാത്രിയും നട അടയ്ക്കില്ല.

തിങ്കളാഴ്ച്ച രാവിലെ 6.30യോടെ ക്ഷേത്രത്തില്‍ മേളത്തോടെ കാഴ്ചശീവേലി. അതേ സമയത്ത് തന്നെ 3 ആനകളുമായി പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ എഴുന്നള്ളിപ്പ് ഉണ്ടാകും. തുടര്‍ന്ന് ഉദയാസ്തമയ പൂജ. 5 പൂജകളുടെ ഇടവേളയില്‍ ഒരു മണിക്കൂര്‍ ദര്‍ശനം അനുവദിക്കും. പുലര്‍ച്ചെ 5 മുതല്‍ വൈകിട്ട് 5 വരെ സ്‌പെഷല്‍ ദര്‍ശനം ഇല്ല. വരി നില്‍ക്കുന്ന ഭക്തര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം.

 

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് അഷ്ടമി ഉത്സവത്തിന് കൊടിയേറും. രാവിലെ 6.30നാണ് കൊടിയേറ്റ്, 8.30മുതല്‍ പാരായണം, 10ന് മാനസ ജപലഹരി, 12.30ന് ശ്രീപാദസ്തുതി, 1.30 ന് ശിവാനന്ദലഹരി, 2ന് പാരായണം, 3ന് തിരുവാതിര, 4ന് പാട്ടു കച്ചേരി, 5ന് ഭജന്‍സ്, 5.45 മുതല്‍ തിരുവാതിര, 8.15ന് ഭരതനാട്യം, 9ന് കൊടിപ്പുറത്ത് വിളക്ക്.

ഞായറാഴ്ച്ച നടന്ന കൊടിയേറ്റ് അറിയിപ്പു ഭക്തി സാന്ദ്രമായി. ക്ഷേത്രത്തിലെ പ്രഭാത പൂജയ്ക്ക് ശേഷം അവകാശിയായ കിഴക്കിനേടത്ത് വിഷ്ണു മൂസത് വൈക്കത്തപ്പന്റെ അനുജ്ഞ വാങ്ങിയ ശേഷം ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്ത് എഴുന്നള്ളി കൊടിയേറ്റ് അറിയിപ്പ് നടത്തി.ആദ്യം അയ്യര്‍കുളങ്ങര കുന്തീ ദേവീക്ഷേത്രത്തിലും തുടര്‍ന്ന് തെക്കേനട ഇണ്ടംതുരുത്തി മന, ഉദയനാപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ എത്തി മുഹൂര്‍ത്ത ചാര്‍ത്ത് വായിച്ച് കൊടിയേറ്റ് അറിയിച്ചു.