Spread the love

പാലാ: രാഷ്ട്രീയത്തിലെ കുടുംബ പുരാണത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ പുളിക്കക്കണ്ടവും.പാലായില്‍ കെ.എം മാണി, കാപ്പന്‍ കുടുംബത്തിന് പിന്നാലെ പുളിക്കകണ്ടവും ഒരു കൈ നോക്കുന്നു. അതും കുടുംബമായി. കേരള കോണ്‍ഗ്രസ് എമ്മില്‍ തുടങ്ങി ബിജെപി വഴി സിപിഎമ്മില്‍ എത്തി അവിടെയും വിവാദം സൃഷ്ടിച്ച ബിനു പുളിക്കക്കണ്ടവും മകളും പിന്നെ സഹോദരന്‍ ബിജുവും മത്സരിക്കുന്നു. പാലാ നഗരസഭയിലേക്കാണ് മൂവരും മത്സരിക്കുന്നത്.

പാലാ മുനിസിപ്പാലിറ്റി 14-ാം വാര്‍ഡില്‍ അച്ഛന്‍ ബിനു പുളിയ്ക്കക്കണ്ടവും 15-ാം വാര്‍ഡില്‍ മകള്‍ ദിയ ബിനുവും ആണ് മത്സര രംഗത്തുള്ളത്. ബിനു മുമ്പ് മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നെങ്കിലും മകള്‍ ദിയ മത്സര രംഗത്ത് ആദ്യമാണ്. ഇവരെ കൂടാതെ ബിനുവിന്റെ ജേഷ്ഠന്‍ ബിജു 13-ാം വാര്‍ഡിലും മത്സര രംഗത്തുണ്ട് മൂവരും സ്വതന്ത്രര്‍ ആയിട്ടാണ് മത്സരിക്കുന്നത്. മൂന്നു വാര്‍ഡുകളിലും പടര്‍ന്നുകിടക്കുന്ന കുടുംബബന്ധങ്ങളുടെ വേരുകള്‍ തുണയാകും എന്നാണ് ഇവരുടെ പ്രതീക്ഷ.

കഴിഞ്ഞ പാലാ നഗരസഭയില്‍ കറുപ്പണഞ്ഞിത് പ്രതിഷേധിച്ച ബിനുവിന് ഇക്കുറി പാലാ നഗരസഭയില്‍ നിര്‍ണായക ശക്തിയാകാനാകുമോ. മൂന്നുപേരും വിജയിച്ചാല്‍ നഗരസഭയില്‍ പുളിക്കക്കണ്ടം ഫാക്ടറാവും.