Spread the love

ചങ്ങനാശ്ശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രാജി വയ്ക്കണമെന്ന് ആവശൃപ്പെട്ട് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് ഒരു വിഭാഗം സമുദായ അംഗങ്ങളുടെ പ്രതിഷേധ മാർച്ച്‌.

 

ആലുവ എൻഎസ്എസ് കർമ്മസമിതിയുടെ നേതൃത്വത്തിലാണ് മോചനയാത്ര എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ശബരിമല സ്വർണ്ണകൊള്ളയിൽ മൗനം പാലിക്കുകയും നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാതെ സർക്കാരിന് പിന്തുണ നല്കുകയും ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മാർച്ച് നടന്നത്.

എൻഎസ്എസ് ഹിന്ദു കോളജിന് സമീപത്തുവച്ച് പോലീസ് മാർച്ച് തടഞ്ഞു. മന്നത്ത് പത്മനാഭൻ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിക്കണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം പോലീസ് തള്ളി. തുടർന്ന് റോഡിൽ വെച്ച് മന്നത്ത് പത്മനാഭൻ ചിത്രത്തിൽ സമുദായ അംഗങ്ങൾ പുഷ്പാർച്ചന നടത്തി. അതിനിടയിൽ മോചന യാത്രയ്ക്കു നേരെ ആക്രമണമുണ്ടായെന്ന് കർമ്മസമിതി നേതാക്കൾ വൃക്തമാക്കി.

ചങ്ങനാശ്ശേരി നഗരസഭുടെ മുൻ വൈസ് ചെയർമാൻ സതീഷ് ഐക്കര, കോൺഗ്രസിന്റെ ചങ്ങനാശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് സാബു കോയിപ്പുറം എന്നിവരുടെ നേതൃത്വത്തിൽ ജി സുകുമാരൻ നായരുടെ ബന്ധുക്കളാണ് അക്രമം നടത്തിക്കൊണ്ട് ജാഥാംഗങ്ങളായ വനിതകൾക്കു നേരെ അശ്ലീല പദപ്രയോഗത്തിൽ വധഭീഷണി മുഴക്കി പാഞ്ഞടുത്തതെന്ന് അവർ പറഞ്ഞു.

സ്ത്രീകൾ ഉൾപ്പെടെയുണ്ടായിരുന്ന ജാഥയ്ക്ക് നേർക്കുണ്ടായ ആക്രമണത്തെ പോലീസിന്റെ സന്ദർഭോചിതമായ ഇടപെടലിലൂടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സാധിച്ചതായി കർമ്മ സമിതി നേതാക്കൾ പറഞ്ഞു. പദയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ പ്രതിരോധിച്ച പോലീസിനെ കർമ്മ സമിതി അഭിനന്ദിച്ചു.

എന്നാൽ ഉച്ചഭാഷിണി ഉപയോഗത്തിനായി പത്ത് ദിവസം മുമ്പ് തന്നെ അക്ഷയ കേന്ദ്രം മുഖേന നൽകിയ ഓൺലൈൻ അപേക്ഷ പദയാത്ര ആരംഭിച്ചതിന് ശേഷം നിഷേധിച്ചതിൽ പ്രതിഷേധമുണ്ടെന്നും എൻ എസ് എസ് മോചന കർമ്മ സമിതി അറിയിച്ചു.

സമുദായ ആചാര്യൻ്റെ സ്മൃതി മണ്ഡപത്തിലേയ്ക്ക് നടത്തിയ പദയാത്രയെ പെരുന്ന പ്രൈവറ്റ് ബസ്റ്റാൻ്റിനു മുമ്പിൽ പോലീസ് തടഞ്ഞു.

തുടർന്ന് ജാഥാംഗങ്ങൾ മുദ്രാവാക്യം മുഴക്കി മന്നത്ത് പത്മനാഭൻ്റെയും ചട്ടമ്പി സ്വാമികളുടെയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി കൊണ്ടിരിയ്ക്കുമ്പോൾ പോലീസ് തടഞ്ഞ് ജാഥാംഗങ്ങളെ അറസ്റ്റ് ചെയ്തു. ഇവരെ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലേയ്ക്ക് നീക്കിയത് സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനാണെന്ന് കർമ്മ സമിതി ഭാരവാഹികളോട് പോലീസ് പറഞ്ഞു.

പദയാത്രയ്ക്ക് മുക്കാപ്പുഴ നന്ദകുമാർ, എൻ.സി.സുരേഷ് ബാബു, എസ്.സജീഷ്, ആർ. രാധാകൃഷ്ണൻ നായർ, ആർ. എ.ജ്യോതിഷ് മേനോൻ, എൻ.ശിവദാസ്, പി.ടി. മോഹൻദാസ്, എൻ.ബി. വിനൂപ്, പി.കെ. സതീഷ്, കെ.ചന്ദ്രൻ, ലളിത സത്യൻ, ഗീത കൃഷ്ണൻകുട്ടി, ഹേമലത ബാലചന്ദ്രൻ, അനിത വേണുഗോപാൽ പത്മ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.