പഴനി: കണക്കംപട്ടിയിലുള്ള വീട്ടിൽ അച്ഛനെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. തൊഴിലാളിയായ പഴനിയപ്പൻ (55), മകൾ ധനലക്ഷ്മി എന്നിവരാണ് മരിച്ചത്. പഴനിയപ്പൻ മകളെ കൊന്നശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
പഴനിയപ്പന് കെട്ടിടനിർമ്മാണത്തൊഴിലാളിയാണ്. ഇയാൾക്ക് ഭാര്യയും മൂന്നു മക്കളുമാണുള്ളത്. കഴിഞ്ഞദിവസം പഴനിയപ്പന്റെ ഭാര്യയും മറ്റു മക്കളും തിരുച്ചന്തൂർ ക്ഷേത്രത്തിലേക്ക് പോയിരുന്നു. വീട്ടിൽ പഴനിയപ്പനും ധനലക്ഷ്മിയും മാത്രമാണ് ഉണ്ടായിരുന്നത്. പഴനിയപ്പനെ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെത്തുടർന്ന് ഭാര്യ വിജയ ബന്ധുക്കളെ അറിയിച്ചു.
തുടർന്ന് അവർ എത്തിയപ്പോൾ വീട് പൂട്ടിയനിലയിലായിരുന്നു. ഉടനെ ആയ്ക്കുടി പോലീസിൽ അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോൾ പഴനിയപ്പനെ തൂങ്ങിമരിച്ചനിലയിലും ധനലക്ഷ്മിയെ മരിച്ചുകിടക്കുന്നതുമാണ് കണ്ടത്.
ധനലക്ഷ്മിയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയശേഷം അതേ കയറിൽ പഴനിയപ്പൻ തൂങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ധനലക്ഷ്മിയുടെ മൃതദേഹത്തിന് മരണാനന്തരച്ചടങ്ങുകൾ ചെയ്യുന്നപോലെ പുതിയ സാരി ധരിപ്പിച്ച് നെറ്റിയിൽ ചന്ദനം പുരട്ടിയിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)

