പൂനെ: ജിമ്മിൽ വ്യായാമം ചെയ്തതിന് ശേഷം വെള്ളം കുടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മിലിന്ദ് കുൽക്കർണി(37 )യാണ് മരിച്ചത്. പുണെയിലെ പിംപ്രി-ചിഞ്ച്വാഡിലുള്ള ഒരു ജിമ്മിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മിലിന്ദ് ജിമ്മിൽ വ്യായാമത്തിനു ശേഷം കുപ്പിയിൽനിന്നു വെള്ളം കുടിക്കുന്നതും പിന്നാലെ കുഴഞ്ഞുവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ജിമ്മിലുണ്ടായിരുന്ന മറ്റ് ആളുകൾ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അതേസമയം മിലിന്ദിന് 60 മുതൽ 70 ശതമാനം വരെ ബ്ലോക്കുകൾ ഉണ്ടായിരുന്നെന്നും ഇതു കണ്ടെത്താനാകാതെ പോയതാകാമെന്നും പോസ്റ്റ്മോർട്ടം നടത്തിയ വൈസിഎംഎച്ച് ആശുപത്രിയിലെ ഡീൻ ഡോ.രാജേന്ദ്ര വേബിൾ പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറാണ്.

