Spread the love

കോട്ടയം :   കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തമുഖത്ത് ഇടപെടലുകളിലൂടെ ശ്രദ്ധേയനായി ചാണ്ടി ഉമ്മൻ എംഎൽഎ. പതിനാലാം വാർഡിന്റെ കെട്ടിടം തകർന്നു എന്ന് അറിഞ്ഞ് ആദ്യ മണിക്കൂറിൽ തന്നെ പുതുപ്പള്ളിയിലെ യുവ എംഎൽഎ സ്ഥലത്തെത്തി.

മെഡിക്കൽ കോളജിൽ എത്തി വൈകാതെ തന്നെ പൂർണ്ണ കർമ്മനിരതനായി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഒരു സ്ത്രീ കുടുങ്ങിയിട്ടുണ്ടെന്ന് ആദ്യം രക്ഷാപ്രവർത്തകരോട് വിളിച്ചുപറയുന്നത് ചാണ്ടിയാണ് . ദുരന്തം നടന്ന കെട്ടിടത്തിന് സമീപമുള്ള വാർഡുകളിലെ സന്ദർശനത്തിനിടെയാണ് ഈ വിവരം ചാണ്ടി അറിയുന്നത്. അപ്പോൾ തന്നെ തിരച്ചിലിന് വേഗം കൂട്ടണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴും വ്യക്തമായ നിർദ്ദേശം ലഭിക്കാത്തതിനാൽ രക്ഷാപ്രവർത്തകർ മടിച്ചു നിൽക്കുകയായിരുന്നു. ചാണ്ടി ഉമ്മനാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ മാധ്യമങ്ങളോട് പറയുകയും ചെയ്തു.

യുഡിഎഫിന്റെ ഇതര നേതാക്കൾ മെഡിക്കൽ കോളജിൽ എത്തുന്നതിനുമുമ്പ് തന്നെ ദുരന്ത സ്ഥലത്ത് ചാണ്ടി രക്ഷാപ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവായി മാറിയിരുന്നു. രാത്രി വരെ  ആശുപത്രിയിൽ ചെലവഴിച്ച യുവ നേതാവ് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകനെ വിട്ടു കിട്ടാനായി പോലീസ് സ്റ്റേഷൻ പ്രതിഷേധ മാർച്ച് തന്നെ നടത്തി. ചികിത്സയിലുള്ള രോഗികളെ ദുരന്തത്തിന്റെ പേര് പറഞ്ഞ് ഡിസ്ചാർജ് ചെയ്താൽ കുത്തിയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

സോഷ്യൽ മീഡിയയിൽ അപകട ദിനം മുതൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നത് ചാണ്ടി ഉമ്മനാണ്. അഭിനന്ദന പ്രവാഹമാണ്

അച്ഛൻ്റെയല്ലേ മകൻ പുതുപ്പള്ളിക്കാർക്ക് തെറ്റുപറ്റിയിട്ടില്ല. കോൺഗ്രസിന്റെ യുവ ലീഡർ, അവൻ ഉമ്മൻചാണ്ടിയുടെ മകൻ, പാവങ്ങളുടെ നേതാവ്, ആ പാവപ്പെട്ട കുടുംബത്തിന് ‘5 ലക്ഷം നൽകിയ ‘ചാണ്ടി ഉമ്മന്റെ മനസ്സ്, ഇങ്ങനെ പോകുന്നു കമന്റുകൾ …

മെഡിക്കൽ കോളജിലെ തകർന്ന വാർഡിന് സമീപം എത്തി രോഗികളോടും ബന്ധുക്കളോടും ക്ഷമയോടെ സംസാരിക്കുന്ന ചാണ്ടിയുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. മരിച്ച ബിന്ദുവിന്റെ ഭർത്താവിനോട് സംസാരിക്കുന്ന ദൃശ്യങ്ങളും ഇന്നലെ ചാനലുകൾ പുറത്തുവിട്ടു. അപകടത്തെത്തുടർന്ന് കേരളത്തിലെ ദൃശ്യ മാധ്യമങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്നതും പുതുപ്പള്ളിയുടെ യുവ എംഎൽഎയാണ്.

യുഡിഎഫിന്റെ മെഡിക്കൽ കോളേജിലെ മുഖമായി ചാണ്ടി മാറി. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ വൈകിയാണ് സ്ഥലത്തെത്തിയത്. സഹപ്രവർത്തകനെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതിഷേധത്തിന് നേതൃത്വം നൽകിയതും ചാണ്ടി തന്നെയാണ്. പ്രവർത്തകനെ വിട്ടു കിട്ടാതെ താൻ മടങ്ങില്ലെന്ന് അവിടെ കുത്തിയിരുന്ന് പോലീസിന് മുന്നറിയിപ്പു നൽകി.

മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വസതിയിൽ രാവിലെ തന്നെ എത്തി ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. ആ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതും ചാണ്ടിയാണ്.