Spread the love

അഹമ്മദാബാദ്: വിമാനദുരന്തത്തില്‍നിന്ന് ഭൂമി ചൗഹാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഗതാഗതകുരുക്കില്‍ പെട്ട് പത്ത് മിനിട്ട് വൈകിയതിനാലാണ് ഭൂമിക്ക് വിമാനത്തില്‍ കയറാനാവാതെ പോയത്.
വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ അഹമ്മദാബാദിലെ ഗതാഗതകുരുക്കില്‍ കുടുങ്ങിയ ആ 10 മിനിറ്റാണ് ഭൂമി ചൗഹാന്റെ പുനര്‍ജന്മത്തിന് കാരണം.

ഇപ്പോഴും വിറയ്ക്കുകയാണ് ശരീരമാകെയെന്ന് ഭൂമിയുടെ വാക്കുകള്‍. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മനസ്സ് ശൂന്യമായത് പോലെ.- ഭൂമി പറയുന്നു.

ലണ്ടനിലേക്കുള്ള യാത്രക്കാരുടെ പട്ടികയില്‍ ഭൂമിയുടെ പേരുമുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഭൂമി രണ്ട് വര്‍ഷത്തിന് ശേഷം അവധി ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തിയതായിരുന്നു.
വിമാനത്താവളത്തിലെത്താന്‍ 10 മിനിറ്റ് താമസിച്ചു. വിമാനത്താവള അധികൃതരോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഉച്ചയ്ക്ക് ഒന്നരയോടെ വിമാനത്താവളത്തില്‍ നിന്ന് മടങ്ങി. അതുമാത്രമാണ് ഭൂമിയുടെ ഓര്‍മയിലുള്ളത്. പിന്നീട് കേട്ടത് വന്‍ സ്‌ഫോടനശബ്ദം.

തകര്‍ന്നുവീണ വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസും മിനിറ്റുകളുടെ വ്യത്യാസത്തില്‍ വിമാനം നഷ്ടപ്പെട്ട ഭൂമിയുമൊക്കെ അദ്ഭുതമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ വലിയൊരു ആശ്വാസത്തിലാണ് ഇപ്പോള്‍.