അഹമ്മദാബാദ്: ഗുജറാത്ത് അഹമ്മദാബാദില്‍ ടേക്ക് ഓഫ്നിടെ അപകടത്തില്‍പെട്ട വിമാനത്തിന്റെ പിന്‍ഭാഗത്തെ ബ്ലാക് ബോക്സ് കിട്ടി. വ്യാഴാഴ്ച്ച രാത്രി വൈകി നടത്തിയ തെരച്ചിലില്‍ ആണ് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്ന ബ്ലാക് ബോക്സ് കണ്ടെത്തിയത്.
കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോര്‍ഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുന്‍ഭാഗത്തെ ബ്ലാക് ബോക്സിനായി തെരച്ചില്‍ തുടരുന്നു. അതിനിടെ വിമാനദുരന്തത്തില്‍ അന്വേഷണ സഹായവുമായി യുഎസ്, ബ്രിട്ടിഷ് ഏജന്‍സികളെത്തും. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന അന്വേഷണത്തില്‍ വിദഗ്ധ സഹായം നല്‍കാനാണ് വിദേശ സംഘങ്ങള്‍ എത്തുന്നത്.
അപകടത്തില്‍പെട്ട വിമാനത്തില്‍ ബ്രിട്ടിഷ് പൗരത്വമുള്ളവര്‍ ഉണ്ടായിരുന്നതിനാല്‍ എഎഐബിക്ക് അന്വേഷണ നടപടികളില്‍ സവിശേഷ സ്ഥാനമുണ്ടാകും. അന്വേഷണ വിവരങ്ങള്‍ പുറത്തുവിടുന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ ആയിരിക്കും.
വിവിധ മേഖലകളില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി കേന്ദ്രം ഉന്നതതല സമിതി രൂപീകരിക്കും. വ്യോമയാന സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്തും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.