തിരുവനന്തപുരം: എം.എ ബേബിയുടെ സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുളള കടന്നുവരവ് കേരള ഘടകത്തിന് നേട്ടമാണെങ്കിലും സംസ്ഥാന ഭരണത്തിനു മുകളില്‍ പറക്കുന്ന അധികാരകേന്ദ്രമാകുമോ എന്ന സംശയം നേതാക്കള്‍ക്കുണ്ട്. പ്രത്യേകിച്ച് കേന്ദ്രസര്‍ക്കാര്‍ പിണറായി വിജയനെതിരായ നിലപാട് മാറ്റി പിടിക്കുകയാണെന്ന സൂചന ലഭിച്ച സാഹചര്യത്തില്‍. ബേബി സിപിഎമ്മിന്റെ ഉന്നത പദവിയിലെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപിയും സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ നിയോഗിച്ചത്. രാജീവ് ചന്ദ്രശേഖര്‍ എത്തി വൈകാതെ പിണറായിയുടെ മകള്‍ക്കെതിരായ മാസപ്പടിയില്‍ കേന്ദ്രം നിര്‍ണായക നിലപാട് എടുത്തു. സിപിഎം- ബിജെപി ഭായി ഭായി അല്ലെന്നു തെളിയിക്കാനാണ് നീക്കമെന്നു വ്യക്തം.
രാജ്യസഭാംഗം മുന്‍ മന്ത്രി എന്ന നിലയില്‍ ബേബി ന്യൂദല്‍ഹിയിലെ അധികാര വൃത്തങ്ങള്‍ക്ക് പരിചിതനാണ്. ഭാഷാ സ്വാധീനത്തിലും കേരളത്തിലെ ഇടതു സര്‍ക്കാരിലെ പ്രമുഖര്‍ക്കുളള ആശയവിനിമയ തടസം ബേബിക്ക് ഇല്ല. അതായത് കേരളത്തിന്റെ മുഖമായി ബേബി മാറും. സിപിഎം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ബേബി ശക്തനാണ്. സംസ്ഥാന ഭരണത്തെ നിയന്ത്രിക്കുന്ന തലത്തിലേക്ക് അതുമാറുമോ എന്നാണ് കണ്ടറിയാനുളളത്. പ്രത്യേകിച്ച് കേന്ദ്രം കേരളത്തെ വരിഞ്ഞുമുറുക്കുമ്പോള്‍. സിപിഎം ഭരണത്തില്‍ പത്തുവര്‍ഷം തികയ്ക്കുമ്പോഴും ബേബിക്ക് കാര്യമായ പരിഗണന നല്‍കിയില്ല. സീനിയര്‍ നേതാവായ ബേബിയെ രാജ്യസഭയിലേക്ക് പരിഗണിച്ചതേയില്ല. പക്ഷേ ഇതിനിടയില്‍ സീതാറാം യെച്ചൂരി അപ്രതീക്ഷിതമായി മരിച്ചതോടെ പാര്‍ട്ടി വെട്ടിലായി. പിന്‍ഗാമിയായി പ്രകാശ് കാരാട്ടിനെ പോലുളള നേതാക്കളെയാണ് കേരള ഭരണം താല്‍പര്യപ്പെട്ടിരുന്നത്. പക്ഷേ സംഘടനാപരമായ കാരണങ്ങളാലും പ്രായപരിധിയിലും കാരാട്ട് പുറത്തായി. വൃന്ദാ കാരാട്ടിന്റെ പേര് ഉയര്‍ന്നുവെങ്കിലും കേരള നേതാക്കള്‍ക്ക് അത്ര പ്രിയപ്പെട്ടതായില്ല. കാരണം വൃന്ദാകാരാട്ടിനെ പോലെയുളള തലയെടുപ്പുളള വനിതാ ലീഡര്‍ കടന്നുവന്നാല്‍ ഉളള അവസ്ഥ കേരളത്തിലെ ഭരണ നേതാക്കള്‍ക്ക് നന്നായി അറിയാം. ഈ ഘട്ടത്തിലാണ് ബേബിയില്‍ ചര്‍ച്ചയെത്തി തീരുമാനത്തിലെത്തിയത്.
തുടര്‍ഭരണം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ ബേബിയുടെ സാന്നിധ്യം പാര്‍ട്ടിക്ക് അനിവാര്യമാണ്. ക്രൈസ്തവ വിഭാഗത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തിയത് ദേശീയ തലത്തിലും കേരളത്തിലും പാര്‍ട്ടി പ്രയോജനപ്പെടുത്തനാണ് നീങ്ങുന്നത്. പ്രത്യേകിച്ചും മുനമ്പം വഖഫ് വിഷയങ്ങളില്‍ സിപിഎം നിലപാടിനെതിരെ ക്രൈസ്തവ സഭകള്‍ രംഗത്തു വന്ന സാഹചര്യത്തില്‍. പക്ഷേ ബേബി സഭകള്‍ക്ക് അത്ര പ്രിയങ്കരനല്ല. ചില വിവാദ പരാമര്‍ശങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബേബി നടത്തിയിരുന്നു. ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഘടകക്ഷിയാക്കിയത് ക്രൈസ്തവ വിഭാഗത്തിലേക്ക് ഒരു വാതില്‍ തുറക്കുന്നതിനായിരുന്നു. ബേബി എത്തിയതോടെ പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ തന്നെ ന്യൂനപക്ഷ മുഖമായി. ഇത് കേരള കോണ്‍ഗ്രസിന്റെ മുന്നണിയിലെ വിലപേശല്‍ ശക്തിയെ ദുര്‍ബലപ്പെടുത്തുമെന്ന വിലയിരുത്തലും ഉണ്ട്.