കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കായ ക്രൈസ്തവ വോട്ടുകള്‍ പാര്‍ട്ടിയെ കൈവിട്ടുവെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സണ്ണി ജോസഫിനെ കെ.പി.സി.സി പ്രസിഡന്റ് ആക്കിയത്. ഇതോടെ ക്രൈസ്തവ വോട്ടുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. എന്നാല്‍ ഈ പ്രതീക്ഷ എത്രത്തോളം സാദ്ധ്യമാകുമെന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.
ക്രൈസ്തവ വോട്ടുകളില്‍ നിര്‍ണായക സ്വാധീനമുള്ള ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ്- എം ഇപ്പോഴും ഇടതുപക്ഷത്തിന്റെ ഭാഗമായി നിലനില്‍ക്കുകയാണ്. മദ്ധ്യകേരളത്തില്‍ ഉള്‍പ്പെടെ എല്‍.ഡി.എഫിന് നിര്‍ണായക ശക്തിയായി മാറാന്‍ സഹായിച്ചത് ജോസ് കെ. മാണിയുമായുള്ള കൂട്ടുകെട്ടാണ്. വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് തുടരും. അങ്ങനെ വരുമ്പോള്‍ ജോസ് കെ. മാണിക്കും കൂട്ടര്‍ക്കും ക്രൈസ്തവ വോട്ടുകളിലുള്ള സ്വാധീനം മറികടന്ന് എങ്ങനെയാണ് തങ്ങളുടെ പെട്ടിയിലേക്ക് ക്രൈസ്തവ വോട്ടുകള്‍ എത്തിക്കാനാവുക എന്നത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ചോദ്യചിഹ്നമാവുന്നു.
ഇതുമാത്രമല്ല, കാസ ഉള്‍പ്പെടെയുള്ള തീവ്രസ്വഭാവമുള്ള ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തില്‍ ബിജെപിക്ക് അനുകൂലമായി ക്രൈസ്തവ തരംഗമുണ്ടാക്കാന്‍ ശ്രമിക്കുന്നതുകൂടി കോണ്‍ഗ്രസ് കാണാതെ പോകരുത്. പ്രത്യേകിച്ച് പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയുമൊക്കെ സ്വാധീനവും. ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കി ക്രൈസ്തവ വോട്ടുകളില്‍ കടന്നുകയറാനുള്ള വഴിയും ബിജെപി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍മാരുമായുള്ള ബിജെപിയുടെ അടുപ്പവും കോണ്‍ഗ്രസ് കാണണം.
സണ്ണി ജോസഫിനെ കെപിസിസി പ്രസിഡന്റ് ആക്കിയാല്‍ ക്രൈസ്തവ വോട്ടുകളില്‍ വലിയൊരു തരംഗം ഉണ്ടാക്കാനാവുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷയില്‍ വലിയ കഴമ്പില്ലെന്ന് അര്‍ത്ഥം. ഇദ്ദേഹത്തെ കെപിസിസിയുടെ അമരത്ത് എത്തിച്ചതില്‍ കോണ്‍ഗ്രസിലെ തന്നെ വലിയൊരു വിഭാഗം രഹസ്യമായി എതിര്‍പ്പിലാണ്. കെ. സുധാകരന്റെ നോമിനിയായി കടന്നുവരുന്ന സണ്ണി ജോസഫിന് എത്രത്തോളം ശോഭിക്കാനാവുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.
സണ്ണി ജോസഫിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ രണ്ടു തവണയും ഇടതുപക്ഷത്തോടൊപ്പം നിന്ന മുസ്ലിം വോട്ടുകള്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമോ? അടുത്തിടെയുണ്ടായ പല കാരണങ്ങള്‍കൊണ്ടും ക്രൈസ്തവ വിഭാഗവുമായി മനസുകൊണ്ട് അകല്‍ച്ചയിലാണ് മുസ്ലിം മനസുകളില്‍ ഏറെയും. ഇത്തരം ആളുകളുടെ വോട്ടുകള്‍ സണ്ണി ജോസഫിന് ആകര്‍ഷിക്കാന്‍ കഴിയില്ലായെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
സംഘടനാരംഗത്തോ ഭരണരംഗത്തോ കെ. സുധാകരന്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ തുടങ്ങിയ പ്രമുഖ നേതാക്കളെപ്പോലെ അത്രകണ്ട് സ്വീകാര്യനല്ല സണ്ണി ജോസഫ് എന്നതും യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, ഇനി യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ സണ്ണി ജോസഫിന് നന്നായി വിയര്‍ക്കേണ്ടിവരും.