Spread the love

കല്പറ്റ: വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഉപകരണങ്ങൾ വാങ്ങുന്നതിന് സി. എസ്. ആർ. ഫണ്ട് ഉടൻ ലഭ്യമാക്കുമെന്ന് ദിശ യോഗത്തിൽ പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു. കടുവ ആക്രമണത്തിൽ മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ രാധ കൊല്ലപ്പെട്ടതിനെ തുടർന്ന് രാധയുടെ വീട് സന്ദർശിച്ചതിനു ശേഷം നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വയനാട് ജില്ലയിൽ മനുഷ്യ വന്യമൃഗ സംഘർഷം കുറയ്ക്കുന്നതിന് ആർ. ആർ. ടി. സംഘത്തിന് ഉൾപ്പെടെ ആവശ്യമായ ആധുനിക ഉപകരണങ്ങൾ ഇല്ല എന്ന പരാതി ഉദ്യോഗസ്ഥരിൽ നിന്ന് ഉയർന്നിരുന്നു. ഫണ്ടിന്റെ അപര്യാപ്തതയായിരുന്നു പ്രധാനമായും തടസ്സമായി യോഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഇതിനായി സി.എസ്.ആർ. ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് പ്രിയങ്ക അന്ന് ഉറപ്പ് നൽകിയിരുന്നു.

വനംവകുപ്പിന് ആവശ്യമായ ഡ്രോൺ, ക്യാമറ, ആർ. ആർ. ടി. ക്ക് വാഹനങ്ങൾ, ക്യാമറ ട്രാപ്പുകൾ തുടങ്ങി അത്യാധുനിക ഉപകരണങ്ങൾ ഇതിലൂടെ ലഭ്യമാക്കുമെന്ന് പ്രിയങ്ക ഗാന്ധി ദിശ യോഗത്തെ അറിയിച്ചു.