Spread the love

കോട്ടയം: തുടര്‍ച്ചയായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന ബിജെപി നേതാവ് പി.സി ജോര്‍ജ് ഏറ്റവും ഒടുവിലായി നടത്തിയിട്ടുള്ള ലൗ ജിഹാദ് പരാമര്‍ശങ്ങള്‍ അടങ്ങിയ പ്രസംഗം നാടിന്റെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ളത് ആയതിനാലും സമാനമായ കേസില്‍ അനുവദിക്കപ്പെട്ട ജാമ്യ വ്യവസ്ഥയുടെ ലംഘനം ആയതിനാലും പോലീസ് അടിയന്തരമായി ഇടപെട്ട് നിലവിലെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്ത് തുറങ്കില്‍ അടയ്ക്കാനുള്ള നടപടികള്‍ അടിയന്തിരമായി തുടങ്ങണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ 24 വയസിനു മുന്‍പ് തന്നെ വിവാഹിതയാക്കണം എന്ന പ്രസ്താവന സ്ത്രീ സമൂഹത്തിന്റെ സ്വയം പര്യാപ്ത ആകാനുള്ള അവകാശങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളി ആണെന്നതിനാല്‍ അദ്ദേഹത്തെ ഇനിയും പൊതു സമൂഹത്തില്‍ ജീവിക്കാന്‍ അനുവദിച്ചാല്‍ അത് യുവ തലമുറയോട് ചെയ്യുന്ന വലിയ അനീതി ആകുമെന്നും വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.കെ മുഹമ്മദ് സാദിക് കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ച്ചന പ്രിജിത്, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം സണ്ണി മാത്യു തുടങ്ങിയവരും സന്നിഹിതരായിരുന്നു.