കോട്ടയം : വഖഫ് നിയമത്തിൽ സംസ്ഥാന സർക്കാരിനെയും അനുകൂലിക്കുന്ന രാഷ്ട്രീയ കക്ഷികളെയും നിശിതമായി വിമർശിച്ച് ദീപിക ദിനപത്രത്തിന്റെ എഡിറ്റോറിയൽ. മുനമ്പം പ്രശ്നത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ്റെ നടപടികൾ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ദീപികയുടെ മുഖപ്രസംഗം.
മുഖപ്രസംഗത്തിൻ്റെ പ്രസക്തഭാഗം.
വഖഫ് നിയമം നിലനിൽക്കുവോളം അതിന്റെ ഇരകൾക്കു നീതി നൽകാൻ നിയമസംവിധാനങ്ങൾക്കും പരിമിതിയുണ്ടെന്ന മതേതര നിലപാടിനെ ശരിവയ്ക്കുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
വഖഫ് പാവമാണെന്നും മുനമ്പത്തെ ജനങ്ങൾ പേടിക്കേണ്ടെന്നും പറഞ്ഞവർ മാളങ്ങളിൽനിന്നു പുറത്തിറങ്ങണം.
വഖഫ് സംരക്ഷണ വേദി എന്നൊരു സംഘടന നൽകിയ ഹർജിയിലാണ് കമ്മീഷന്റെ നിയമനം നിയമപരല്ലെന്നും സർക്കാർ യാന്ത്രികമായാണു പ്രവർത്തിച്ചതെന്നും ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് വിധിച്ചത്. ഇതിനെതിരേ അപ്പീൽ കൊടുത്താൽ മറിച്ചൊരു വിധിയുണ്ടായേക്കാമെന്നു സർക്കാരും നിയമജ്ഞരിൽ ചിലരും കരുതുന്നുണ്ട്. അതെന്തുമാകട്ടെ.
പക്ഷേ, മുനമ്പം കേസ് ട്രൈബ്യൂണലിൽ നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് കോടതി വ്യക്തമാക്കിയത്. അതായത്, വഖഫ് ബോർഡിന്റെയും ട്രൈബ്യൂണലിൻ്റെയും അധികാ രത്തിനുമേൽ ഹൈക്കോടതിക്കു വരെ പരിമിതികളുണ്ട്.
ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ആ വേഷം കെട്ടിയാൽ തിരിച്ചടി മുനമ്പത്ത് ഒതുങ്ങുമെന്നു തെറ്റിദ്ധരിക്കരുത്. ഇടതു-വലതു പക്ഷങ്ങൾക്കു സ്വാധീനമുള്ള വ ഖഫ് ബോർഡ്, വഖഫ് നിയമത്തിന്റെ പരിരക്ഷയിൽ നടത്തുന്ന അവകാശവാദങ്ങൾ നിരുപാധികം കൈ യൊഴിയുകയാണു വേണ്ടത്.
ഇസ്ലാമിക മതനിയമമായ ശരിയത്തിനു കീഴിലുള്ള ദാനനിയമസംഹിതയാണ് സാറേ വഖഫ്. അതുപയോഗിച്ചു ജനങ്ങളെ ഭയപ്പെടുത്തുകയും തെരുവിലിറക്കുകയും ചെയ്യുന്നവർ ‘ഇസ്ലാമോ ഫോബിയ’ എന്നു വിളിച്ചുകൂവിയിട്ടെന്തു കാര്യം.