Spread the love

അമ്പലപ്പുഴ:അഗതികൾക്ക് വിഷുക്കൈനീട്ടം തപാലിലെത്തി മനസ്സ് നിറഞ്ഞു,ഒപ്പം അവരുടെ കണ്ണുകളും.സ്വന്തമെന്നു കരുതിയിരുന്നവർ ഉപേക്ഷിച്ചതുമൂലം അമ്പലപ്പുഴ സ്നേഹ വീട് അഭയ കേന്ദ്രത്തില്‍ കഴിയുന്ന വിവിധ മതസ്ഥരായ 22 പേർക്കാണ് വ്യത്യസ്തമായ നിലയിൽ വിഷുക്കൈനീട്ടം ലഭിച്ചത്.

നിരാലംബർക്ക് അത്താണിയായി സമൂഹം ഒപ്പമുണ്ട് എന്ന സന്ദേശം നല്കുന്നതിനാണ് ‘വിഷുക്കൈനീട്ടം’ തപാലിൽ അയച്ചതെന്ന് പൊതു പ്രവർത്തകൻ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു. തലവടി പോസ്റ്റ് മാസ്റ്റർ എൻ.എസ് സതീഷ്,പോസ്റ്റ്മാൻ അനന്ത കൃഷ്ണൻ പിഷാരത്ത് എന്നിവരാണ് ഈ പദ്ധതിയെ കുറിച്ച് പരിചയപ്പെടുത്തിയത്.കോട്ടയം സി.എം.എസ് കോളേജ് വിദ്യാർത്ഥിയും കോളജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായ ഇളയ മകൻ ഡാനിയേലിനോപ്പമാണ് തലവടി പോസ്റ്റ് ഓഫീസിൽ നിന്ന് ഡോ. ജോൺസൺവിഇടിക്കുള ‘വിഷുക്കൈനീട്ടം’ അയച്ചത്.

തപാൽ വകുപ്പ് ഈ പദ്ധതി ആരംഭിച്ചിട്ട് മൂന്ന് വർഷമായി.100 രൂപ വിഷുക്കൈനീട്ടമായി അയക്കുന്നതിന് 20 രൂപ കൂടി അധികം പോസ്റ്റ് ഓഫീസിൽ അടയ്ക്കണം.സാധാരണ മണി ഓർഡറുകളിൽ നിന്നും വ്യത്യസ്തമായി ഒരു രൂപയുടെ നാണയം കൂടി ചേർത്ത് തപാൽ വകുപ്പിന്റെ പ്രത്യേക കവറിൽ പോസ്റ്റ്മാൻ ‘വിഷുക്കൈനീട്ടം’ കൈമാറി.

ബന്ധുക്കൾ ഉപേക്ഷിച്ചതുമൂലം സ്നേഹ വീട് അഭയകേന്ദ്രത്തിന്റെ സംരക്ഷണയിൽ കഴിയുന്ന അഗതികളായ ഒരോരുത്തർക്കും വിഷു ക്കൈനീട്ടം തപാൽവഴി ലഭിച്ചത് നവ്യാനുഭവമായതായി സ്നേഹ വീട് അഭയ കേന്ദ്രം ഡയറക്‌ടര്‍ ആരിഫ് അടൂർ പറഞ്ഞു.ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ സ്ഥാപകൻ അന്തരിച്ച മെൽവിൻ ജോൺസിന്റെ 146-ാം മത് ജന്മദിനം ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ആഘോഷിച്ചത് സ്നേഹവീട് വയോജന പരിപാലന കേന്ദ്രത്തില്‍ ആയിരുന്നതായി സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ പറഞ്ഞു.

വാടക വീട്ടിൽ താമസിച്ചു വരവെ കോവിഡ് ബാധിച്ച് അമ്മയും മുത്തച്ഛനും ഒരാഴ്ചയ്ക്കുള്ളിൽ മരണ മടഞ്ഞതുമൂലം 6-ാം മാസം അനാഥയായി തീർന്ന സഞ്ചനമോൾക്കും (5) വിഷുക്കൈനീട്ടം അയച്ചു കൊടുത്തു.മുത്തശ്ശിയായ എടത്വ പാണ്ടങ്കരി പനപറമ്പിൽ വത്സല പുറക്കാട് ഉള്ള സഹോദരൻ്റെ വസതിയിൽ ആണ് ചെറുമകൾ സഞ്ചനയും ആയി  താമസിക്കുന്നത്.