Spread the love

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കിറ്റെക്‌സ് ഗ്രൂപ്പ് കേരളത്തില്‍ ഒരു നിക്ഷേപവും നടത്തിയിട്ടില്ലെന്നും നിലവില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ഗ്രൂപ്പിന് പദ്ധതിയില്ലെന്നും കിറ്റെക്‌സ്.സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും ഗ്രൂപ്പ് കേരളത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നുവെന്ന വ്യവസായ മന്ത്രി പി. രാജീവിന്റെ മുന്‍ പ്രസ്താവനയ്ക്കും ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ് മറുപടി നല്‍കി.സംസ്ഥാനത്ത് പ്രവര്‍ത്തനം തുടരാന്‍ സ്ഥാപനത്തിന് ആരുടെയും അനുഗ്രഹം ആവശ്യമില്ലെന്ന് സാബു പറഞ്ഞു. തെലങ്കാനക്ക് പിന്നാലെ ആന്ധ്രയിലും ഗ്രൂപ്പ് വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നതിനിടയിലാണ് പുതിയ വിവാദം.ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ ഒരു പ്രതിനിധി സംഘം കൈത്തറി & ടെക്‌സ്‌റ്റൈല്‍സ് മന്ത്രി എസ്. സവിതയുടെ നേതൃത്വത്തില്‍ ശനിയാഴ്ച കിഴക്കമ്പലത്തുള്ള കിറ്റെക്‌സ് ഗ്രൂപ്പ് ഗാര്‍മെന്റ്‌സിന്റെ ആസ്ഥാനം സന്ദര്‍ശിച്ചു സംഭാഷണം നടത്തുകയുണ്ടായി.

തന്റെ പരിമിതികളും പോരായ്മകളും മറച്ചുവെച്ചു മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ് മന്ത്രി പി.രാജീവ്. ”സര്‍ക്കാരും അവരുടെ ഉദ്യോഗസ്ഥരും കമ്പനിയെ ഉപദ്രവിച്ചു. ഒരു മാസത്തോളം കമ്പനിയില്‍ തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഒരു തെറ്റും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതില്‍ പ്രതിഷേധിച്ച് കമ്പനി 3,500 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റി,” അദ്ദേഹം പറഞ്ഞു.ജേക്കബ് രാഷ്ട്രീയ പ്രേരിതമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് മന്ത്രി പി.രാജീവ് നേരത്തെ ആരോപിച്ചിരുന്നു.

ഐടി സേവനങ്ങളും പരിഹാരങ്ങളും നല്‍കുന്ന ആഗോള സാങ്കേതിക കമ്പനിയായ എച്ച്സിഎല്‍ടെക് തിങ്കളാഴ്ച തിരുവനന്തപുരത്ത് കേരളത്തിലെ രണ്ടാമത്തെ യൂണിറ്റ് തുറക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏതൊരാളും കേരളത്തിലെ യുവാക്കള്‍ക്ക് മറുപടി നല്‍കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.