കോട്ടയം : രണ്ടു വള്ളത്തിൽ കാൽ ചവുട്ടി നിൽക്കുന്ന വെള്ളാപ്പള്ളി നടേശൻ കോൺഗ്രസിലും പിടിമുറുക്കുന്നു.
പിണറായി വിജയൻ സർക്കാരിനെയും കേന്ദ്രത്തിൽ ബിജെപിയെയും ഇടംവലം കൈകൾ പോലെ കൊണ്ടുനടക്കുന്ന വെള്ളാപ്പള്ളി കെപിസിസി പ്രസിഡൻ്റിനായി പിടിമുറുക്കിയെങ്കിലും യുഡിഎഫ് കൺവീനറെ ലഭിച്ചു.
അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ ആയതോടെ വെള്ളാപ്പള്ളിക്ക് സ്വന്തം പ്രതിനിധിയായി. ബിജെപിയിലേക്ക് ക്രൈസ്തവർ പ്രത്യേകിച്ച് കത്തോലിക്കാ വിഭാഗം ആകർഷിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി കത്തോലിക്ക സമുദായത്തിന് അധ്യക്ഷ പദവി നൽകിയെങ്കിലും അണികൾ തൃപ്തരല്ല. കോൺഗ്രസിന്റെ മുഖം ആകാൻ കഴിയുന്ന നേതാവായിരിക്കണം കെപിസിസി അധ്യക്ഷ സ്ഥാനത്ത് വരുന്നതെന്ന് പ്രവർത്തകർ ആഗ്രഹിച്ചിരുന്നു. എന്നാൽ പുതിയ അധ്യക്ഷൻ്റെ പേര് അവരെ ഞെട്ടിച്ചു.
കെ സുധാകരനെ പോലെ
പാർട്ടിയിലെ സർവ്വശക്തനായ നേതാവിന് പകരം സംഘടന തലത്തിൽ അറിയപ്പെടാത്ത ഒരാളെ പ്രധാന പദവിയിലേക്ക് കൊണ്ടുവന്നത് പാർട്ടിക്ക് ദഹിക്കുന്നില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആന്റോയുടെ പേരാണ് നേരത്തെ കേട്ടിരുന്നത്. അവസാന നിമിഷം വരെ ആന്റോ ആൻറണി എംപിയുടെ പേരാണ് പരിഗണിച്ചിരുന്നതും. പക്ഷേ സുധാകരൻ മലബാറിനായി പിടിമുറുക്കിയപ്പോൾ ആൻ്റോയെ വെട്ടി.
മൂന്നുതവണ പത്തനംതിട്ട എംപി ആയതാണ് ആൻ്റോയെ പരിഗണിക്കാൻ പ്രധാന കാരണം. കെപിസിസി അധ്യക്ഷപദവിയിലേക്ക് വളരെ ചടുലനായ ഒരു നേതാവിനെയാണ് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വി ഡി സതീശനുമായുള്ള കടുത്ത ഭിന്നത സുധാകരന് വിനയായി. പകരം ആൻ്റോയെ പരിഗണിച്ചുവെങ്കിലും പെന്തക്കോസ്ത് സംഘടനകളുമായുള്ള ബന്ധവും മറ്റുചില ആരോപണങ്ങളും തിരിച്ചടിച്ചു. ഈ ഘട്ടത്തിലാണ് സുധാകരന്റെ നോമിനിയായി അത്രയൊന്നും അറിയപ്പെടാത്ത സണ്ണി ജോസഫിന്റെ കടന്നുവരവ് .
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഈഴവ വിഭാഗത്തിന്റെ പ്രതിനിധി വേണം എന്നാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. നിലവിലുള്ള സാഹചര്യത്തിൽ അത് സാധ്യമല്ലെന്ന് ഏറെക്കുറെ നേതൃത്വം വെള്ളാപ്പള്ളിയെ അറിയിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് എസ്എൻഡിപി ജനറൽ സെക്രട്ടറിയുടെ മനം പോലെ അടൂർ പ്രകാശിനെ പരിഗണിച്ചത്.
എവിടെയും ജാതി പറയുമെന്ന് ആവർത്തിക്കുന്ന വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് ബിജെപി ഘടകകക്ഷിയാണ്. വെള്ളാപ്പള്ളി ആകട്ടെ മുഖ്യമന്ത്രി പിണറായി വിജയൻറെ കടുത്ത ആരാധകനും. ഇനിയും പിണറായി കേരളം ഭരിക്കുമെന്ന് വെള്ളാപ്പള്ളി പലതവണ ആവർത്തിച്ചു കഴിഞ്ഞു.
കെ സുരേന്ദ്രനെ മാറ്റി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായപ്പോൾ വെള്ളാപ്പള്ളിക്ക് അത്ര രസിച്ചില്ല. ചന്ദ്രശേഖർ കണിച്ചുകുളങ്ങരയിൽ എത്തിയെങ്കിലും ഇടയ്ക്കൊന്ന് കുത്തിനോവിക്കാൻ മറന്നില്ല.
ആന്റോ കെപിസിസി പ്രസിഡണ്ടാകുന്നതിനെതിരെ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു;
“സഭയ്ക്ക് വഴങ്ങി ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്‍റാക്കിയിൽ മൂന്നാമത്തെ കേരള കോൺഗ്രസായി മാറും. ആന്റോ ജനപ്രിയനോ ജനസ്വാധീനമോ ഉള്ള ആളല്ലെന്നും ആന്റോ ജയിച്ചത് ആന്റണിയുടെ മകൻ മത്സരിച്ചതുകൊണ്ട് മാത്രമാണെന്നും അല്ലെങ്കിൽ ഒരു ലക്ഷത്തിലധികം വോട്ടിന് ആന്റോ ആന്റണി പരാജയപ്പെട്ടേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആന്റോയെ പരമാവധി വെടക്കാക്കാൻ സോഷൃൽ മീഡിയയിലും വൻ കാമ്പയിൻ നടന്നു. ആന്റോയുടെ സഹോദരങ്ങൾക്കെതിരെയും കുടുബത്തിനെതിരെയും സോഷൃൽ മീഡയ വഴി വൻ ആക്ഷേപമാണ് നടന്നത്. മുൻ സിപിഎം സൈദ്ധൃന്തികനായ കെഎം ഷാജഹാനടക്കം ആന്റോയെ ആക്ഷേപിക്കാൻ രംഗത്ത് വന്നതും ചർച്ചയായിട്ടുണ്ട്. കോട്ടയം ജില്ലയിൽ നിന്നുള്ള ഒരു സീറോ മലബാർ കത്തോലിക്കാ എമിരിറ്റസ് ബിഷപ്പും ആന്റോക്കെതിരെ ശക്തമായി ചരട് വലിച്ചിരുന്നു.അദ്ദേഹം
ഹൈക്കമാണ്ടിൽ വരെ സ്വാധീനം ചെലുത്തിയതും ആന്റോക്ക് ഒഴിവാക്കുന്നതിൽ കലാശിച്ചു. കത്തോലിക്കാ സഭയുടെ പിന്തുണ ആന്റോക്ക് ഇല്ലന്ന് വരുത്താൻ ദീപിക പത്രത്തിൽ മുഖപ്രസംഗം എഴുതിപ്പിച്ചതും ആന്റോയെ അട്ടിമറിക്കാനുള്ള ഗൂഡ നീക്കത്തിന്റെ ഭാഗമായിരുന്നു.