മാന്നാനം : നെല്ല് കർഷകരുടെ ഏത് ആവശ്യങ്ങൾക്കും മുൻപിൽ നിന്ന് അവരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കേരളത്തിന്റെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. അപ്പർ കുട്ടനാട് വികസന സമിതി മാന്നാനത്ത് സംഘടിപ്പിച്ച കർഷക രക്ഷാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ നെൽ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണം. നെല്ല് സംഭരണം കൃത്യമായ രീതിയിൽ നടത്താനും ഇടനിലക്കാരെ ഒഴിവാക്കി കർഷക പക്ഷത്തുനിന്ന് കാര്യങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാൻ സർക്കാർ തയ്യാറാകണം.
നെല്ല് കർഷകർ നേരിടുന്നത് ഇപ്പോൾ ഗൗരവകരമായ പ്രതിസന്ധിയാണ്. വിളവെടുപ്പ് സമയങ്ങളിലൊക്കെ കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന സംഭരണ കാര്യങ്ങളിലും, സംഭരിച്ച നെല്ലിന്റെ വില കിട്ടുന്ന കാര്യത്തിലും ഒക്കെ കർഷകരുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തിയേ മതിയാവൂ. നെൽ കർഷക സംരക്ഷണം നാടിന്റെ ആവശ്യമായിത്തന്നെ കണ്ട് അവർക്ക് കരുതലും തണലും ആയി മാറാൻ എല്ലാവരും തയ്യാറാകണം.
ഫാ. ജെയിംസ് മുല്ലശ്ശേരി സിഎംഐ അധ്യക്ഷത വഹിച്ച യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. അജി കെ ജോസ്, ഫാ. സാംജി വടക്കേടം സിഎംഐ, കുഞ്ഞു കളപ്പുര, ഡോ. കെ.എം ബെന്നി, ലൂക്കോസ് തോമസ് തോട്ടുംങ്കൽ, അഡ്വക്കറ്റ് ജി ഗോപകുമാർ അഡ്വക്കറ്റ് ഫിൽസൺ മാത്യൂസ് ആർപ്പൂക്കര തങ്കച്ചൻ, പ്രിൻസ് ലൂക്കോസ്, ബിനു ചെങ്ങളം, ജയ്സൺ ഒഴുകയിൽ, സാബു പീടിയേക്കൽ, ജോമി പെരുമ്പടപ്പിൽ, സണ്ണി കാഞ്ഞിരം, വിനോദ് ചാമക്കാല, സാൽവിൻ കൊടിയന്തറ, റോസിലി ടോമിച്ചൻ, സാനി വർഗീസ്, തോമസ് പുതുശ്ശേരി, എസ്സി കെ തോമസ്, അരുൺ കെ ഫിലിപ്പ്, ജോസ് മേനോങ്കരി, സുനു ജോർജ്, ജയിസൺ ഞൊങ്ങിണിയിൽ തുടങ്ങിയവർ സംസാരിച്ചു.