Spread the love

കോട്ടയം : വൈക്കം മഹാദേവക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വടക്കുപുറത്തു പാട്ടിനോട് അനുബന്ധിച്ച് മാര്‍ച്ച് 17ന് ആരംഭിച്ച കോടി അര്‍ച്ചന നാളെ സമാപിക്കും.ക്ഷേത്രത്തിന്റെ കിഴക്കുവശത്തെ വ്യാഘ്രപാദത്തറയ്ക്കു സമീപം പ്രത്യേക തയാറാക്കിയ മണ്ഡപത്തില്‍ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പിള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് ഇല്ലത്ത് മാധവന്‍ നമ്പൂതിരി, മറ്റപ്പിള്ളി പരമേശ്വരന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി തരണിയില്‍ ഡി.നാരായണന്‍ നമ്പൂതിരി തുടങ്ങിയവരുടെ കാര്‍മികത്വത്തില്‍ 51 ആചാര്യന്മാരാണു കോടി അര്‍ച്ചന നടത്തിവരുന്നത്.27 ദിവസങ്ങളിലായി 27 നക്ഷത്രങ്ങളില്‍ ശിവ സഹസ്ര നാമമാണ് ഉരുവിടുന്നത്.

മഹാദേവ ക്ഷേത്രത്തില്‍ നടന്നുവരുന്ന വടക്കുപുറത്ത് പാട്ടില്‍ 32 കൈകളോടു കൂടി ആയുധമേന്തി പീഠത്തില്‍ ഇരിക്കുന്ന കളം വരച്ചുതുടങ്ങി. നാളെ കൂടി 32 കൈകളോടു കൂടിയുള്ള കളം വരയ്ക്കും. ഏകദേശം 1,100 ചതുരശ്രയടി വിസ്തീര്‍ണത്തിലാണു 32 കൈകളില്‍ ആയുധമേന്തിയ ഭദ്രകാളി കളം വരയ്ക്കുന്നത്. രാവിലെ 9 മുതല്‍ 11.30വരെയും വൈകിട്ട് 3.30 മുതല്‍ രാത്രി 11.30 വരെ കളം ദര്‍ശനം നടത്താം. 13ന് സമാപനദിവസം 64 കൈകളോടുകൂടി, വേതാളത്തിന്റെ പുറത്തിരിക്കുന്ന ഭദ്രകാളിയുടെ കളമാണു വരയ്ക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുളള നെടുംപുരയിലാണ് ഭദ്രകാളികളം. ഓരോ ദിവസവും കളം വരയ്ക്കുകയാണ് ചെയ്യുന്നത്. രാത്രി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനു ശേഷം കളം പാട്ടോടെ അതാത് ദിവസത്തെ കളം മായ്ക്കും. രാജഭരണകാലത്ത് ദേശത്ത് വസൂരി പടര്‍ന്നപ്പോള്‍ ദര്‍ശനത്തെ തുടര്‍ന്ന് ഭഗവതിപ്രീതിയ്ക്കായി ആരംഭിച്ചതാണ് വടക്കുപുറത്തുപാട്ടും കോടിയര്‍ച്ചനയും. പരിപാടിയുടെ ഭാഗമായി വൈക്കം ക്ഷേത്രത്തില്‍ ഡ്രംസ് ശിവമണി, ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ഉള്‍പ്പെടെയുളള പ്രമുഖരുടെ കലാപരിപാടികള്‍ നടന്നു.

മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന്റെ ഭാഗമായി നടക്കുന്ന കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ നിന്നുള്ള എതിരേല്‍പില്‍ വ്രതമെടുത്ത് കുത്തു വിളക്കുമായി എത്തുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും കളത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കാന്‍ അനുമതി. ഇതു സംബന്ധിച്ചു ദേവസ്വം ബോര്‍ഡ് പ്രത്യേക ഉത്തരവിറക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം അധികൃതരും, വടക്കുപുറത്തു പാട്ട് കമ്മിറ്റി അധികൃതരും നടത്തിയ ചര്‍ച്ചയില്‍ ഉത്തരവ് നടപ്പാക്കാന്‍ തീരുമാനിച്ചു.

കമ്മിറ്റി അനുവാദം നല്‍കിയിരുന്ന 64 പേര്‍ക്കു മാത്രമായിരുന്നു ഇതുവരെ കളത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കാന്‍ അനുമതി ഉണ്ടായിരുന്നത്. കുത്തുവിളക്ക് എടുക്കുന്ന എല്ലാവര്‍ക്കും പ്രദക്ഷിണത്തിന് അനുമതി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നേരിട്ടെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കിയിരുന്നു. സമയക്രമം പാലിക്കാനാണു നിയന്ത്രണമെന്നായിരുന്നു കമ്മിറ്റി അറിയിച്ചിരുന്നത്