Spread the love

നിലമ്പൂരില്‍ വിജയം ഉറപ്പിച്ച് മുന്നോട്ടുപോകുന്ന യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കല്ലുകടിയാകുന്നു.

അബ്ദുല്‍ നാസര്‍ മഅ്ദനി നേതൃത്വം നല്‍കുന്ന പിഡിപി ഇടതുപക്ഷത്തെ പിന്തുണച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന വര്‍ഗീയ ശക്തിയാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തുവന്നു.

മുമ്പ് നടന്ന പല തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിനെ പിന്തുണച്ചിരുന്നുവെന്നും അന്നൊക്കെ എല്‍ഡിഎഫ് ഒരു കുഴപ്പവും പറഞ്ഞില്ലായിരുന്നുവല്ലോയെന്നുമാണ് യുഡിഎഫ് ക്യാമ്പ് ചോദിക്കുന്നത്.

ജമാഅത്തെ ഇസ്ലാമി, പിഡിപി പിന്തുണയെ രാഷ്ട്രീയമായി എല്‍ഡിഎഫും യുഡിഎഫും നേരിടുമ്പോള്‍ അപ്രതീക്ഷിതമായി കാന്തപുരം, സമസ്ത സംഘടനകള്‍ ഈ വിഷയത്തില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ യുഡിഎഫ് ക്യാമ്പില്‍ ആശങ്കയുണ്ടാക്കി.

ജമാഅത്തെ ഇസ്ലാമി പഴയ ആശയങ്ങള്‍ ഒഴിവാക്കി എന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം ഗൗരവതരം എന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി അവരുടെ ആശയം നിലനിര്‍ത്തിക്കൊണ്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു എന്ന് മാത്രമേയുള്ളൂ. ആശയത്തില്‍ വ്യത്യാസമില്ല. വിഷയത്തെക്കുറിച്ച് പഠിക്കാതെയാണ് വി ഡി സതീശന്‍ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി. അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല. അവര്‍ എല്‍ഡിഎഫിന് പിന്തുണ കൊടുത്തപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലായിരുന്നുവെന്ന വി ഡി സതീശന്റെ പരാമര്‍ശത്തിനെതിരെയാണ് കാന്തപുരം വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയുമായി എല്‍ഡിഎഫിന് പൂര്‍വ കാലബന്ധമുണ്ടായിരുന്നുവെന്ന് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. സിപിഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്ലാമി മതേതര വാദികളും കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയ പ്രസ്ഥാനവുമാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ വി.ഡി സതീശന്റെ അതേ നിലപാടാണോ യുഡിഎഫിലെ പ്രബല ഘടകകക്ഷിയായ മുസ്ലിം ലീഗിലെ കെ.എം ഷാജി, എം.കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെന്ന പ്രസക്തമായ ചോദ്യവുമായാണ് സമസ്ത യുവനേതാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തുവന്നത്. ജമാഅത്തെ ഇസ്ലാമിയെ നേരത്തേ ഷാജിയും മുനീറും എതിര്‍ത്തിരുന്നു. ആര്‍ എസ് എസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ പണ്ടേ ഡീല്‍ ഉണ്ട്. അത് യുഡിഎഫിന് നേട്ടമാവുമെന്നാണ് സതീശന്റെ ബുദ്ധി പറയുന്നത്. ഈ പോക്ക് പോയാല്‍ വെല്‍ഫയര്‍ ഡീലില്‍ ആര്‍എസ്എസ് വോട്ട് കൂടി പെട്ടിയില്‍ വീഴുമെന്ന അതിബുദ്ധി കൂടി വര്‍ക്ക് ചെയ്തുകാണുമെന്നും സമസ്ത യുവനേതാവ് ഇബ്രാഹീം സഖാഫി താത്തൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.


ഏതായാലും വര്‍ഗീയ ശക്തികള്‍ക്ക് വളരാന്‍ പറ്റുന്ന മണ്ണ് പാകപ്പെടുത്തുന്നതാരാണ് എന്നത് കൂടുതല്‍ ഗൃഹപാഠമില്ലാതെ തന്നെ മനസ്സിലാവുന്നുണ്ട്. സന്ദീപ് വാര്യരെ സ്വീകരിച്ച്, അന്‍വറിനെ തള്ളി, കറകളഞ്ഞ, മതരാഷ്ട്ര വാദികളെ മതേതരവാദികളാക്കിയ, വഖഫ് ചെയ്യപ്പെട്ട ഭൂമി വഖഫല്ലെന്ന് പ്രഖാപിച്ചത് സതീശനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.