നിലമ്പൂര്‍:നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായുളള ഇലക്ഷനില്‍ ആര്യാടന്‍ ഷൗക്കത്തിലെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ്. നിലമ്പൂര്‍ മുന്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് ഷൗക്കത്ത്. ഇതോടെ നിലമ്പൂര്‍ പിടിക്കാന്‍ കോണ്‍ഗ്രസ് അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങി.
. ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതു തടയാൻ പി.വി.അൻവർ അവസാന നിമിഷംവരെ പയറ്റിയ സമ്മർദതന്ത്രത്തിനു വഴങ്ങാതെയാണു കോൺഗ്രസ് തീരുമാനം.
അതേസമയം, തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കുമെന്നു വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുനയത്തിനുള്ള വാതിൽ തുറന്നിട്ടു. ഷൗക്കത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും രണ്ടുദിവസം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്നും അൻവർ പറഞ്ഞു. മത്സരിക്കുമോയെന്ന ചോദ്യത്തിന് ‘തള്ളുന്നുമില്ല; കൊള്ളുന്നുമില്ല’ എന്നായിരുന്നു പ്രതികരണം. സിപിഎം സ്ഥാനാർഥിയെ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയി എന്നിവർക്കാണ് മുഖ്യപരിഗണന.
ഷൗക്കത്തെന്ന ഒറ്റ പേരിലേക്കു കഴിഞ്ഞ ദിവസം കോൺഗ്രസ് എത്തിയിരുന്നു. നിരുപാധിക പിന്തുണയെന്നു നേരത്തെ പ്രഖ്യാപിച്ച അൻവർ, സാമുദായിക സമവാക്യങ്ങൾ ചൂണ്ടിക്കാട്ടി ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ രംഗത്തെത്തിയതോടെ തീരുമാനം നീണ്ടു. എന്നാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ എറണാകുളത്ത് യോഗം ചേർന്ന്, അൻവറിന്റെ സമ്മർദത്തിനു വഴങ്ങേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. പാർട്ടി, ഘടകകക്ഷി നേതാക്കളെ തീരുമാനം അറിയിച്ചു, ഷൗക്കത്തിന്റെ പേരു മാത്രം ഹൈക്കമാൻഡിന്റെ അനുമതിക്കായി അയച്ചു. അവിടെ നിന്നു തീരുമാനം വാർത്തക്കുറിപ്പായി ഇറങ്ങുകയും ചെയ്തു. ഷൗക്കത്തിനു വിജയാശംസകൾ നേർന്ന വി.എസ്.ജോയ് പ്രചാരണത്തിന്റെ മുന്നിലുണ്ടാകുമെന്നു പ്രഖ്യാപിച്ചു.
മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകനായ ആര്യാടൻ ഷൗക്കത്ത് രണ്ടാം തവണയാണു നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2016ൽ പി.വി.അൻവറിനോടു പരാജയപ്പെട്ടിരുന്നു.