Spread the love

തിരുവല്ല: യുവതലമുറയിലെ ലഹരി ഉപയോഗവും, വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ തിരുവല്ലയില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ ആന്റി ഡ്രഗ് മാരത്തണ്‍ (ജനകീയ കൂട്ടയോട്ടം) സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ച് 13ന് വൈകുന്നേരം നാലിന് എം.സി.റോഡില്‍ രാമന്‍ചിറ ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന മാരത്തണ്‍ നഗരം ചുറ്റി തിരുവല്ല സ്വകാര്യ ബസ് സ്റ്റാഡിനു സമീപം സമാപിക്കും.
തിരുവല്ല പൗരാവലിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ജനകീയ കൂട്ടായ്മയില്‍ സാമൂഹിക, സാംസ്‌കാരിക, സമുദായിക, രാഷ്ട്രീയ സംഘടനകള്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍, ആശുപത്രികള്‍, വ്യാപാര സംഘടനകള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുക്കും.

ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തിരുവല്ലയുടെ വിവിധ സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ് മോബുകള്‍ നടത്തപ്പെടും. ഇതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം നാലിന് ഇരുവള്ളിപ്ര സെന്റ് തോമസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തിരുമൂലപുരം ജംഗ്ഷനിലും, 11ന് വൈകുന്നേരം നാലിന് മാക്ഫാസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലും, 12ന് വൈകുന്നേരം നാലിന് പുഷ്പഗിരി മെഡിക്കല്‍ കോളേജ് തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡിലും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് കാവുംഭാഗത്തും, തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി, മുത്തൂരിലും ഫ്‌ലാഷ് മോബുകള്‍ നടത്തും.

തുടര്‍ന്ന് ലഹരിയില്‍ നിന്നുമുള്ള മോചനത്തിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍, കൗണ്‍സിലിങ്, മെഡിക്കല്‍ ടീം, വിദ്യാഭാസ സ്ഥാപനങ്ങളില്‍ കുട്ടികളുമായും, അധ്യാപകരുമായും ചര്‍ച്ചകള്‍, സെമിനാറുകള്‍, തുടങ്ങി വിവിധ ആക്ഷന്‍ പ്ലാനുകള്‍ക്കു തുടക്കം കുറിക്കും.
പത്തനംതിട്ട എം. പി ആന്റോ ആന്റണി, എം.എല്‍.എ അഡ്വ. മാത്യു ടി തോമസ് എന്നിവര്‍ മുഖ്യരക്ഷധികാരികള്‍ ആയും ഡി.വൈ.എസ്.പി എസ്. ആഷാദ് ചെയര്‍മാന്‍ ആയും 51 പേര്‍ അടങ്ങുന്ന വിവിധ കമ്മറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് തിരുവല്ല ഡി.വൈ.എസ്.പി. എസ്.ആഷാദ്, നഗരസഭ മുന്‍ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍, സി.പി.എം ഏരിയാ സെക്രട്ടറി ബിനില്‍ കുമാര്‍, വൈ.എം.സി.എ. സെക്രട്ടറി ജോയി ജോണ്‍, സജി ഏബ്രഹാം, വിനോദ് തിരുമൂലപുരം, സിബി തോമസ്, വിജയകുമാര്‍ മണിപ്പുഴ, അഡ്വ.ലിജോ മത്തായി, ശ്രീനിവാസ് പുറയാറ്റ്, പി.അനീര്‍, ഷാജി തിരുവല്ല, ക്ലാരമ്മ, കൊച്ചിപ്പന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

കൂട്ടയോട്ടത്തിന്റെ ഭാഗമായിട്ടുള്ള ലോഗോയുടെ പ്രകാശനം ഇന്നലെ വൈഎം.സി.എയില്‍ ചലച്ചിത്ര സംവിധായകന്‍ ബ്ലെസി നിര്‍വ്വഹിച്ചു.