Spread the love

കോട്ടയം : ഏറ്റുമാനൂരില്‍ അമ്മയും രണ്ടുമക്കളും ആത്മഹത്യ ചെയ്ത കേസില്‍ ഷൈനിയുടെ ശബ്ദസന്ദേശം പുറത്ത്. ഭർതൃവീട്ടിൽ ഷൈനി അനുഭവിച്ചത് കടുത്ത മാനസിക സമ്മര്‍ദമാണ് എന്നതിന് തെളിവാണ് ശബ്ദസന്ദേശം. ജോലി ലഭിക്കാത്തത്തിന്റെയും, വിവാഹ മോചനത്തിന് ഭർത്താവ് സഹകരിക്കാത്തതും ഷൈനിയെ വളരെയധികം അലട്ടിയിരുന്നു.

ഭര്‍ത്താവ് വിവാഹമോചനത്തിന് സഹകരിക്കുന്നില്ലെന്നും കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയായ ഷൈനിയും പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീനയും ഇവാനയും നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യക്ക് പിന്നാലെ അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തിരുന്ന ഏറ്റുമാനൂർ പൊലീസ് പ്രതിക്കെതിരെ ഉയർന്ന കടുത്ത ജനരോഷത്തിനും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനും പിന്നാലെയാണ് ആത്മഹത്യപ്രേരണക്കുറ്റം ചുമത്തുന്നത്.

നോട്ടിസ് നൽകി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ തൊടുപുഴ ചുങ്കം സ്വദേശി നോബിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.