തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയിലെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി 1.83 ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി വെള്ളത്തൂവല്‍ 200 ഏക്കര്‍ ഭാഗത്ത് ചക്കിയാങ്കല്‍ വീട്ടില്‍ പത്മനാഭന്‍ (64) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഫെബ്രുവരി പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാള്‍ പുലര്‍ച്ചെ പള്ളിയുടെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി മുറിയില്‍ ഉണ്ടായിരുന്ന അലമാരയുടെ പൂട്ടും പൊളിച്ച് അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന 1,83,000 ( ഒരു ലക്ഷത്തി എണ്‍പത്തി മുവായിരം) രൂപ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദ് ഐപിഎസിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് വൈക്കം ഡിവൈഎസ്പി സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിയുകയും, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ നിന്നും പിടികൂടുകയുമായിരുന്നു.
സ്ഥിരം മോഷ്ടാവായ ഇയാള്‍ പലവിധ സിംകാര്‍ഡുകള്‍ മാറിമാറിയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാള്‍ വടക്കാഞ്ചേരിയില്‍ ഉണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തുകയും അവിടുത്തെ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ മോഷണം നടത്താന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ സംഘം ഇയാള്‍ മോഷണം നടത്താന്‍ എത്തിയ സമയം സാഹസികമായി പിടികൂടുകയായിരുന്നു.
ഇയാളുടെ ബാഗില്‍ നിന്നും കഠാരയും, വാതിലിന്റെയും, ജനലിന്റെയും പൂട്ടുപൊളിക്കുന്ന പ്രത്യേകം ഇരുമ്പ് ഉപകരണവും, പെപ്പര്‍ സ്‌പ്രേയും വിവിധ തരത്തിലുള്ള സ്‌ക്രൂഡ്രൈവറുകളും കണ്ടെടുക്കുകയും ചെയ്തു.
തലയോലപ്പറമ്പ് സ്റ്റേഷന്‍ എസ്.ഐ ജയകുമാര്‍, സി.പി.ഓമാരായ മനീഷ്, ബിനു പി.എം എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
പത്മനാഭന്‍ പോത്താനിക്കാട്, കുന്നംകുളം, മണ്ണുത്തി, മുരിക്കാശ്ശേരി, കാഞ്ഞാര്‍ എന്നീ സ്റ്റേഷനുകളിലെ മോഷണ കേസുകളിലെ പ്രതിയാണ്.