ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മധുവിധു ആഘോഷിക്കാൻ കശ്മീരിലെത്തിയ നാവിക സേനാ ഉദ്യോഗസ്ഥനും. കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയും നാവിക സേനാ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നർവാൾ (26) ആണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഭർത്താവിന്‍റെ മൃതദേഹത്തിനടുത്ത് വിറങ്ങലിച്ച് നിൽക്കുന്ന യുവതിയുടെ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു.
വിനയും ഭാര്യ ഹിമാൻഷിയും മധുവിധു ആഘോഷിക്കാൻ കശ്മീരിലെത്തിയതായിരുന്നു. ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളും ഹിമാൻഷിയും തമ്മിലുള്ള വിവാഹം. ഏപ്രിൽ 19 നായിരുന്നു റിസപ്ഷൻ. വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മധുവിധുവിനായി ഇരുവരും കശ്മീരിലെത്തിയത്. എന്നാൽ വിവാഹത്തിന്റെ ആറാം നാൾ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഹിമാൻഷിയുടെ സന്തോഷങ്ങളെ തല്ലിക്കെടുത്തി. ഹിമാൻഷിയുടെ കൺമുന്നിൽ ഭീകരർ വിനയിനെ കൊലപ്പെടുത്തി.
ചൊവ്വാഴ്ച്ചയാണ് രാജ്യത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ട് ജമ്മുകശ്മീരിലെ പഹൽഗാമില്‍ വന്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.