Spread the love

മുംബൈ: ആശങ്കകളുടെ 36 മണിക്കൂറുകള്‍ക്കൊടുവില്‍ ആശ്വാസവാര്‍ത്ത എത്തിയിരിക്കുകയാണ്. താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളെ മഹാരാഷ്ട്രയിലെ ലോണാവാല സ്‌റ്റേഷനില്‍നിന്ന് കണ്ടെത്തി.

വിദ്യാർത്ഥിനികളെ പൂനെയിലെത്തിച്ചു. ഇന്ന് ഉച്ചയോടെ താനൂർ പൊലീസിന് പെൺകുട്ടികളെ കൈമാറും. മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം രാവിലെ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടികളെ നാട്ടില്‍ എത്തിച്ച ശേഷം കൗൺസലിംഗ് അടക്കം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചത്.

ഇന്ന് പുലർച്ചെ ഒന്നേമുക്കാലിന് മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടികളെ ലോനാവാലയിൽ വെച്ച് റെയിൽവേ പൊലീസാണ് കണ്ടെത്തിയത്. ഒന്നര ദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവിൽ ആണ് കുട്ടികളെ കണ്ടെത്താന്‍ നിർണായകമായത്. കുട്ടികൾ സുരക്ഷിതരാണ്. വീട്ടിലേക്ക് പോകുന്നതിൽ സന്തോഷമെന്ന് ഇരുവരും അറിയിച്ചു.

അതേസമയം പെണ്‍കുട്ടികള്‍ മുബൈയിൽ എത്തിയതായി നേരത്തെ തന്നെ പോലീസ് സ്ഥിതീകരിച്ചിരുന്നു. ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും കുട്ടികൾ അയാൾക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. ഇതിനിടെ ഉച്ചയോടെ ഇവർ ഒരു സലൂണിലെത്തി ഹെയർ ട്രീറ്റ്മെന്റ് ചെയ്തതായി വിവരം ലഭിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ മുംബൈയിലെ ലാസ്യ സലൂണിൽ മുടി ട്രിം ചെയ്യാൻ എത്തിയത്. മുഖം മറച്ചാണ് ഇരുവരും എത്തിയത്.

തങ്ങളുടെ മുടി സ്ട്രെയിറ്റ് ചെയ്യണമെന്നും മുഖത്തിന്റെ ലുക്ക് മാറ്റണമെന്നുമാണ് വിദ്യാർഥിനികൾ ആവശ്യപ്പെട്ടത്. നീളമുള്ള മുടി മുറിച്ചു. പേരും മൊബൈൽ നമ്പരും ചോദിച്ചപ്പോൾ ഫോൺ കാണാതായെന്ന് പറഞ്ഞ് പേരു മാത്രമാണ് നൽകിയത്.

അതേസമയം പെൺകുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നു എന്നാണ് ജീവനക്കാർ പറഞ്ഞത്. രണ്ടു പേരും കൂടി 10,000 രൂപയുടെ ട്രീറ്റ്മെന്റാണ് ചെയ്തത്. കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴേക്കും പെൺകുട്ടികൾ പരുങ്ങി. പിന്നീട് വിദ്യാർഥിനികൾ വേഗം സ്ഥലം വിടുകയായിരുന്നു . വിദ്യാർഥിനികൾ സ്ഥലംവിട്ട ശേഷം പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് കേരളത്തിൽനിന്നു കാണാതായ പെൺകുട്ടികളാണ് സലൂണിൽ എത്തിയതെന്ന് ജീവനക്കാർ അറിയുന്നത്.

LISTEN ON