കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതീ യുവാക്കളിൽ നിന്നും കോടികൾ തട്ടിയ കേസിൽ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി’ സിഇഒ കാര്‍ത്തിക പ്രദീപ് പിടിയില്‍. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കോഴിക്കോട്ടു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ തട്ടിപ്പിന് ഇരയായത് നൂറിലേറെ ഉദ്യോഗാര്‍ഥികളാണ്.
കോഴിക്കോട്ടു നിന്നാണ് കാർത്തികയെ കസ്റ്റഡിയിൽ എടുത്തത്. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്നു പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയതായാണ് തൃശൂർ സ്വദേശിനിയുടെ പരാതി.
അതേസമയം എറണാകുളത്തിനുപുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. വിദേശത്ത് ജോലി വാഗ്‌ദാനംചെയ്‌ത് കോടികൾ തട്ടിയ ‘ടേക്ക് ഓഫ് ഓവർസീസ് എഡ്യുക്കേഷണൽ കൺസൾട്ടൻസി’ക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാൻ ആവശ്യമായ ലൈസൻസ് കാർത്തിക പ്രദീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനില്ലെന്ന് വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (പിഒഇ) അറിയിച്ചു.