Spread the love

കോട്ടയം: ഐഐടി കാൺപൂരിലെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിലെ പിഎച്ച്ഡി സ്കോളറായ അഭിരാമി അജിത് കുമാറിന് 2025–2026 ലെ അധ്യയന വർഷത്തേക്കുള്ള സ്വിസ് ഗവൺമെന്റ് എക്സലൻസ് സ്കോളർഷിപ്പ് ലഭിച്ചു.

സ്വിറ്റ്സർലൻഡ് ഗവൺമെന്റിന്റെ ഫെഡറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ്, എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഇഎഇആർ) പ്രകാരം സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ എഡ്യൂക്കേഷൻ, റിസർച്ച് ആൻഡ് ഇന്നൊവേഷൻ (എസ്ഇആർഐ) നൽകുന്നതാണ് ഈ അഭിമാനകരമായ സ്കോളർഷിപ്പ്.

ബാസൽ സർവകലാശാലയിൽ കണ്ടംപററി എക്സ്പിരിമെന്റൽ ഫിക്ഷൻ, ഡിജിറ്റൽ ഹ്യുമാനിറ്റീസ് എന്നിവയിലെ ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനാണ് ഒരു വർഷത്തേക്ക് പ്രതിമാസം സ്വിസ് കറൻസിയായ (CHF ) 1,92,000 നൽകുന്നത്. യൂറോപ്യൻ സൊസൈറ്റി ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറുമായി സഹകരിച്ച്, യുഎസിലെ ഹവായ് സർവകലാശാല ആതിഥേയത്വം വഹിച്ച 2025 ലെ ന്യൂ ഡയറക്ഷൻസ് ഇൻ ദി ഹ്യുമാനിറ്റീസ് കോൺഫറൻസിൽ എമർജിംഗ് സ്കോളർ അവാർഡ് മുമ്പ് ലഭിച്ച അഭിരാമിയുടെ മറ്റൊരു ശ്രദ്ധേയമായ നേട്ടമാണിത്.

കോട്ടയം പൂവൻതുരുത്ത് അജിഭവനിൽ
എൽഐസിയിലെ ചീഫ് ലൈഫ് ഇൻഷുറൻസ് അഡ്വൈസർ അജിത് കുമാർ എജെയുടെയും ബിനു അജിത്തിന്റെയും മകളാണ് അഭിരാമി.
സഹോദരൻ അഭിജിത്ത്.
കോട്ടയം ബിസിഎം കോളേജിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും ജേർണലിസം മാസ് കമ്യുണിക്കേഷനിൽ ഡിപ്ലോമയും നേടി. ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം എ ഇംഗ്ലീഷ് കരസ്ഥമാക്കി. ശേഷമാണ് ഉപരിപഠനത്തിനായി കാൺപൂർ ഐഐടിയിൽ ചേർന്നത്.