Spread the love

കന്യാസ്ത്രീ പീഡനക്കേസില്‍പെട്ട ബിഷപ് ഫ്രാങ്കോക്കോതിരെ സമരത്തിനിറങ്ങിയ സിസ്റ്റർ അനുപമ സന്യാസ സമൂഹം വിട്ടു. കുറവിലങ്ങാട് മഠം കേന്ദ്രീകരിച്ചും പിന്നീട് കൊച്ചി നഗരത്തിലുമായി അനുപമയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരപരമ്പരയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നിയമത്തിന് മുന്നിൽ എത്തിച്ചത്. 2018 സെപ്തംബർ 21നാണ് ജലന്ധർ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോയെ അവിടെ നിന്ന് വിളിച്ചുവരുത്തി അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

2022 ജനുവരി 14നാണ് തെളിവുകളുടെ അഭാവത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു കൊണ്ട് കോടതിവിധി വരുന്നത്. പിന്നാലെ ഫ്രാങ്കോക്കെതിരെ നിലപാട് എടുത്തവർ സഭക്കുള്ളിലും പുറത്തും ഇതോടെ കൂടുതൽ ഒറ്റപ്പെട്ടു. എന്നാൽ താനുൾപ്പെട്ട സന്യാസ സമൂഹത്തിൻ്റെ തലപ്പത്ത് മാറ്റമുണ്ടാകുമ്പോൾ കാര്യങ്ങൾ എല്ലാം ശെരിയാകുമെന്ന് കരുതി അനുപമ കാത്തെങ്കിലും അതും ഉണ്ടാകുന്നില്ലെന്ന് വന്നതോടെയാണ് മഠം ഉപേക്ഷിച്ച് സ്വതന്ത്രയാകാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.

കന്യാസ്ത്രീ സമരത്തെ ശരിയായി മനസിലാക്കുന്നില്ലെന്ന് സിസ്റ്റര്‍ അനുപമ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമരം സഭക്കെതിരെയല്ല നടത്തുന്നത്. തങ്ങള്‍ സഭക്കെതിരെ സമരം ചെയ്യുകയാണെന്നുള്ള ആരോപണങ്ങളില്‍ വിഷമമുണ്ട്.

ഇതൊരിക്കലും കന്യാസ്ത്രീകളെ മാത്രം ഉദ്ദേശിച്ചായിരുന്നില്ലെന്നും എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള സമരമാണെന്നും സിസ്റ്റര്‍ അന്ന് പറഞ്ഞു. സഭയില്‍ നിന്നു ഇങ്ങനെ ഒരു നിലപാട് പ്രതീക്ഷിച്ചില്ലെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കിയിരുന്നു..