കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ ശനിയാഴ്ച രാവിലെ പത്തിന് പോലീസിന് മുന്നില്‍ ഹാജരാകണം. ഇതുസംബന്ധിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് ഷൈന്‍ ടോം ചാക്കോയുടെ വീട്ടിലെത്തി നോട്ടീസ് നല്‍കി.
ഷൈന്‍ തിങ്കളാഴ്ചയേ പോലീസിന് മുമ്പില്‍ ഹാജരാകൂവെന്ന് ഷൈനിന്റെ പിതാവ് ചാക്കോ പറയുന്നു. എഎംഎംഎ സംഘടനയില്‍ നിന്നും വിനു മോഹന്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നടി വിന്‍സിയുടെ പരാതിയില്‍ വിശദീകരണം തേടിയിരുന്നുവെന്നും ഷൈന്‍ വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് അന്വേഷണവുമായി സഹകരിക്കും. സിനിമാ സംഘടനകളുടെ അന്വേഷണവുമായും സഹകരിക്കുമെന്നും ചാക്കോ പറഞ്ഞു.
അതേസമയം പരാതിയില്ലെങ്കിലും ഷൈനിനെതിരെ എക്സൈസ് സ്വന്തം നിലയ്ക്ക് അന്വേഷണം തുടരുമെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചിരുന്നു. ലഹരി ഉപയോഗം എവിടെയും പാടില്ലെന്നും വിവരം ലഭിച്ചാല്‍ എല്ലാ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റായാലും പരിശോധന നടത്തുമെന്നും സിനിമാ സെറ്റിന് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും എം ബി രാജേഷ് പറഞ്ഞു.
പരാതിയില്‍ തുടര്‍നടപടികള്‍ക്ക് താല്‍പര്യമില്ലെന്ന് വിന്‍സിയുടെ കുടുംബം അറിയിച്ചിരുന്നു.
വിന്‍സിയുടെ പരാതി ഗൗരവമുള്ളതാണെന്ന് സിനിമാ മന്ത്രി സജി ചെറിയാനും അഭിപ്രായപ്പെട്ടു. വിന്‍സിയുടെ പരാതി അന്വേഷിക്കുമെന്നും സിനിമയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. നടിയുടെ സമീപനം അഭിനന്ദാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തുന്നതിനിടെയാണ് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്നും നടന്‍ ഇറങ്ങിയോടിയത്. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. റോഡിലെത്തി ബൈക്കില്‍ രക്ഷപ്പെട്ട നടന്‍ നേരെ പോയത് ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന. അവിടെ നിന്നും തമിഴ്നാട്ടിലേയ്ക്ക് കടന്നുവെന്നുമാണ് സൂചന.
ഷൈനിന്റെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല.