Spread the love

കോഴിക്കോട്: ഈങ്ങാപ്പുഴ ഷിബില വധക്കേസിൽ ഭർത്താവ് യാസിറിൻ്റെ ലഹരി ബന്ധങ്ങൾ അന്വേഷിക്കും.

യാസിർ-ഷിബില വിവാഹം നടക്കുന്ന സമയത്തും യാസിർ ലഹരി ഉപയോ​ഗിക്കാറുണ്ടായിരുന്നു. വിവാഹത്തിന് ശേഷവും യാസിർ ലഹരി ഉപയോ​ഗം തുടർന്നുവെന്നും പോലീസ് പറ‍ഞ്ഞു.

യാസിർ നടത്തിയത് ആസൂത്രിതമായ കൊലപാതകമെന്നാണ്  കണ്ടെത്തൽ. യാസിറിന്റെ ലഹരി ഉപയോഗവും പീഡനവും സഹിക്കാൻ വയ്യാതെ ഷിബില ഒരുമാസമായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു.

ഷിബില തനിക്കൊപ്പം ചെല്ലാത്തതിലുള്ള വൈരാ​​ഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം നടത്തിയത്. തന്നെ ത‍ടയാൻ ശ്രമിച്ചത് കൊണ്ടാണ് മാതാപിതാക്കളേയും ആക്രമിച്ചതെന്നാണ് യാസിർ നൽകിയ മൊഴി. പോലീസ് ഇന്ന് ഷിബിലയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും.

യാസിർ ലഹരിക്ക് അടിമയായിരുന്നെങ്കിലും കൊല നടത്താൻ എത്തിയ സമയം യാസിർ ലഹരി ഉപയോ​ഗിച്ചിരുന്നില്ല എന്നാണ് കണ്ടെത്തൽ. നിലവിൽ പ്രതി റിമാൻഡിലാണ്. ഇന്നോ, നാളേയോ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തുടർന്ന് കൊല നടത്തിയ ഷിബിലയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തും.

കഴിഞ്ഞ ദിവസം വൈകിട്ട് നേമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്.